കൽപ്പറ്റ: മാനന്തവാടി, ബത്തേരി താലൂക്കുകളിലും കുടകിലും താമസിക്കുന്ന റാവൂളർ എന്ന ആദിവാസി വിഭാഗത്തിന് സർക്കാർ രേഖകളിലുള്ള അടിയാർ എന്ന പേരിന് പകരം റാവൂളർ എന്ന് പുനർനാമകരണം ചെയ്യാനുള്ള നടപടി സ്വീകരിക്കാൻ കിർത്താഡ്സിന് നിർദേശം നൽകിയിട്ടുണ്ടെന്ന് പട്ടികവർഗവികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു കാലത്ത് അടിമകളായി ജോലി ചെയ്തിരുന്നതു കൊണ്ടാണ് റാവൂളർ വിഭാഗത്തിന് അടിയാർ എന്നു പേരു വന്നതെന്നും അതിനാൽ അത് മാറ്റണമെന്നുമുള്ള പരാതിയിലാണ് കമ്മീഷൻ സർക്കാരിന് നിർദേശം നൽകിയത്.
അടിയാർ സമുദായത്തെ റാവൂളർ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ അപാകതയില്ലെന്നും എന്നാൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് പട്ടികയിൽ കൂട്ടിച്ചേർക്കലോ നീക്കമോ ആവശ്യമായി വന്നാൽ ഭരണഘടനാഭേദഗതി മുഖാന്തിരം മാത്രമേ കഴിയുകയുള്ളുവെന്ന് കിർത്താഡ്സ് ഡയറക്ടർ അറിയിച്ചതായി പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സർക്കാർ തലത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കിർത്താഡ്സ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ കമ്മീഷൻ നിർദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ മാവേലിക്കര സാമുവേൽ സമർപ്പിച്ച പരാതിയിലാണ് നടപടി.