കൽപ്പറ്റ: തവിഞ്ഞാൽ പഞ്ചായത്തിലെ പതിനാറാം വാർഡിൽ നടക്കുന്ന എല്ലാ അനധികൃത നിർമാണങ്ങളും മണ്ണെടുപ്പും അടിയന്തരമായി നിർത്തി വയ്ക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച് മാനന്തവാടി തഹസിൽദാർക്കും തവിഞ്ഞാൽ പഞ്ചായത്ത് സെക്രട്ടറിക്കും കർശന നിർദേശം നൽകണമെന്നും ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. നിയമപരമായ അനുമതിയില്ലാതെ ഒരിടത്തും നിർമാണം തുടരുന്നില്ലെന്ന് ഉറപ്പാക്കണം.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ കോർ കമ്മിറ്റി കഴിഞ്ഞ നവംബർ അഞ്ചിന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അന്തിമ റിപ്പോർട്ട് 30 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ കളക്ടർക്ക് നിർദേശം നൽകി.
ക്വാറികളിലെ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും പ്രദേശവാസികളുടെ ജീവന് എത്രത്തോളം അപകടമാണെന്ന് ജിയോളജി വകുപ്പിന്റെ സഹായത്തോടെ വിലയിരുത്തണം.അനധികൃത നിർമാണങ്ങൾക്കെതിരേ പരാതി നൽകിയിട്ടും റിപ്പോർട്ടുകൾ വൈകിപ്പിച്ചെന്ന പരാതിക്കാരന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെകുറിച്ച് അന്വേഷണം നടത്തണം.
ഒരു വർഷത്തോളം റിപ്പോർട്ടുകൾ പൂഴ്ത്തിയത് ഗുരുതരമായ ഒദ്യോഗിക വീഴ്ചയായി കണക്കാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ലൈസൻസോ സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ വിദേശികളെയടക്കം റിസോർട്ടുകളിൽ താമസിപ്പിക്കുകയാണെന്ന ആരോപണം അന്വേഷിക്കണമെന്ന് കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
പരാതിയിൽ സൂചിപ്പിച്ച കെട്ടിടങ്ങൾ അനധികൃത നിർമാണമാണോ എന്ന് പരിശോധിച്ച് അത്തരം കെട്ടിടങ്ങൾക്ക് നൽകിയ നന്പറുകൾ റദ്ദാക്കാനുള്ള നിർദേശം പഞ്ചായത്ത് അധികൃതർക്ക് നൽകണം. അനധികൃത നിർമാണം കാരണം പരാതിക്കാരന്റെ വീടിനും സ്വത്തിനും ഭീഷണിയുണ്ടെങ്കിൽ അത് പരിഹരിക്കാനാവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. മാനന്തവാടിയിലെ കരിമാനിയിലുള്ള റിസോർട്ടിന്റെ നിയമലംഘനങ്ങൾക്കെതിരേ സമർപ്പിച്ച പരാതിയിലാണ് നടപടി.
അന്വേഷണത്തിൽ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതായി ജില്ലാ കളക്ടർ അറിയിച്ചു. സ്ഥലത്ത് പ്രവർത്തിക്കുന്ന കോഴി ഫാം നടത്തുന്ന നിയമലംഘനങ്ങളും റിപ്പോർട്ടിൽ എടുത്തു പറഞ്ഞിട്ടുണ്ട്. പ്രദേശവാസിയായ എം.വി. ആഷിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Human Rights Commission Local News Nattuvishesham Wayanad