കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വീണ്ടും അനധികൃത മീൻപിടിത്തം. തീരത്തോടുചേർന്ന് കണ്ണിവലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി.
തീരക്കടലിൽ കമ്പനിക്കടവ് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അനധികൃതമായി കരവലി നടത്തിയ ഗബ്രിയേൽ, ഗമാലിയേൽ എന്നീ രണ്ടു ബോട്ടുകൾ മിന്നൽ കോബിംഗിൽ പിടിച്ചെടുത്തത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനക്കക്കടവ് ഹാർബറിൽ പരസ്യ ലേലം ചെയ്ത് ലഭിച്ച 3,24,600 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും രണ്ടു ബോട്ടിനും കൂടി അഞ്ചുലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസിയുടെയും നാട്ടിക ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ടുകൾ പിടിച്ചെടുത്തത്.
കമ്പനിക്കടവ് നിന്നും ഓപ്പറേറ്റ് ചെയ്യുന്ന പ്രത്യേക സംഘത്തിൽ എഎഫ്ഇഒ സമ്ന ഗോപൻ, മെക്കാനിക് മനോജ് തെടാത്തറ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസി വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത്കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റെസ്ക്യു ഗാർഡുമാരായ കൃഷ്ണപ്രസാദ്, ശ്രേയസ്, സിജീഷ്, ഡ്രൈവർ അഷറഫ് എന്നിവർ ഉണ്ടായിരുന്നു.