ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അതേപടി നടപ്പാക്കുന്നതിനെതിരേ ഐഎംഎ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ധർണ.
പത്തനംതിട്ട: ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടി കോർപറേറ്റവൽകരണം നടപ്പാക്കാൻ സഹായിക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനെതിരേ ഐഎംഎ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഡിഎംഒ ഓഫീസ് ധർണ നടത്തി. വൻകിടആശുപത്രികൾക്ക് ബാധാകമാകാത്തതും ചെറുകിട ഇടത്തരം ആശുപത്രികളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതുമായ ആക്ട് ഭേദഗതി ചെയ്യണമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ചെറിയ ആശുപത്രികളെ പഞ്ചാബ്, ഹരിയാന, യുപി, ഛത്തിസ്ഗഡ് മാതൃകയിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൻന്റെ പരിധിയിൽ നിന്നു ഒഴിവാക്കണമെന്നും ആക്ടിന്റെ പരിധിയിൽ വരാത്ത കൺസൾട്ടേഷൻ സർവീസ് മാത്രം ചെയ്യുന്ന സ്ഥാപനങ്ങളെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു ശല്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ധർണയിൽ ഐഎംഎ ജില്ലാ ചെയർമാൻ ഡോ.എ. രാമലിംഗം അധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റ് ഡോ. ആർ. വി. അശോകൻ ഉദ്ഘാടനം ചെയ്തു . കൺവീനർ എൻ. മുരളീക്യഷ്ണൻ, ടി. ജി. വർഗീസ് , ജോസ് ഏബ്രഹാം , മാത്യു വർഗീസ്, വിജയകുമാർ, കൃഷ്ണവേണി, ബിലയ് ഭാസ്ക്കർ, സ്റ്റാൻലി, മനു എന്നിവർ പ്രസംഗിച്ചു.