പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ സംസ്ഥാന സർക്കാർ എഐസിടിഇയുടെ അംഗീകാരത്തോടെ പുതുതായി അനുവദിച്ച എംസിഎ കോഴ്സിന്റെ ഉദ്ഘാടനവും ശാസ്ത്രപ്രതിഭാ സംഗമവും 19ന് രാവിലെ 10ന് നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.
കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. കെ.ജെ. തോമസ് അധ്യക്ഷത വഹിക്കും. കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖപ്രഭാഷണവും പ്രമുഖ നാനോ ശാസ്ത്രജ്ഞൻ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണവും നടത്തും. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, വകുപ്പ് മേധാവി ജിന്റുമോള് ജോൺ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട 50 സ്കൂളുകളിൽ നിന്നെത്തുന്ന വിദ്യാർഥികളിൽ ശാസ്ത്ര ഗവേഷണ അവബോധം വളർത്തുന്നതിനുവേണ്ടി ഏഷ്യയിലെ പ്രമുഖ നാനോ ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. സാബു തോമസ്, വിക്രം സാരാഭായ് ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. വി. അശോക്, ഡോ. വി. വെങ്കിടരാമന്, ഡേറ്റ സയിന്റിസ്റ്റ് ഡോ. അഭിറാം ശ്രീകുമാർ എന്നിവർ ക്ലാസുകൾ നയിക്കും. വിദ്യാർഥികൾക്ക് ശാസ്ത്രജ്ഞരോടുള്ള സംവാദത്തിനുള്ള അവസരമുണ്ടായിരിക്കും.
ഹോട്ടൽ മാനേജ്മെന്റ്, ഫാഷൻ ഡിസൈനിംഗ്, റോബോട്ടിക്സ്, വിആർ ഏവിയേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകൾ അവതരിപ്പിക്കുന്ന സ്റ്റാളുകളും ഉണ്ടായിരിക്കും. കാലത്തിന്റെ പ്രത്യേകതകൾ മനസിലാക്കി ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീന് ലേണിംഗ് എന്നിവയിലൂന്നി എംസിഎ പ്രോഗ്രാം ആരംഭിക്കുന്നതുവഴി മികച്ച ടെക്കികളെ വാർത്തെടുത്ത് ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടിയെടുക്കുവാൻ പ്രാപ്തരാക്കുമെന്ന് കോളജ് ചെയർമാൻ ബെന്നി തോമസും പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, പി.ആർ. രതീഷ്, വകുപ്പ് മേധാവി ജിന്റുമോൾ ജോൺ, പ്രയിസി ആന്റണി, ജിനു തോമസ്, ജോസ് ആന്റണി, ബിബിന് പയസ് എന്നിവരും പങ്കെടുത്തു.
Tags : Local News Nattuvishesham Kottayam