വൈക്കം ഫെറിയിൽ കഴിഞ്ഞ എട്ടു വർഷമായി വിജയകരമായി സർവീസ് നടത്തിവരുന്ന രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ട് ആദിത്യ.
വൈക്കം: ഡീസൽ ബോട്ടുകൾക്കു പകരമായി വൈക്കം - തവണക്കടവ് ഫെറിയിൽ ബോട്ടുകൾ എത്തുമ്പോൾ വേമ്പനാട്ടുകായലിലെ ബോട്ട് സർവീസ് മൂലമുള്ള മലിനീകരണം പൂർണമായും ഒഴിവാകും. പ്രതിവർഷം ഏകദേശം ഒരു കോടി രൂപയുടെ ഡീസൽച്ചെലവ് ലാഭിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.
എതാനും വർഷങ്ങൾക്കകംതന്നെ ബോട്ടുകളുടെ നിർമാണച്ചെലവ് തിരിച്ചുപിടിക്കാനാവുന്ന രീതിയിലാണ് പദ്ധതി ഗതാഗത വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സി.കെ. ആശ എംഎൽഎ പറഞ്ഞു.
നാളെ മൂന്ന് സോളാർ ബോട്ടുകളുടെ സർവീസുകൾകൂടി മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ശബ്ദവും അന്തരീക്ഷ - വായു - ജല മലിനീകരണങ്ങളുമില്ലാത്ത ജലഗതാഗത സൗകര്യത്തിന് വൈക്കത്ത് തുടക്കമാകും.
ഇതോടൊപ്പംതന്നെ വൈക്കം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന ജലഗതാഗത വകുപ്പിന്റെ ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി നാളെ നിർവഹിക്കുമെന്നും എംഎൽഎഅറിയിച്ചു.
Tags : Local News Nattuvishesham Kottayam