ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പറക്കോട് ബ്ലോക്കിലെ പള്ളിക്കൽ സിഡിഎസിൽ പ്രവർത്തനമാരംഭിച്ച ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീ
പത്തനംതിട്ട: ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പറക്കോട് ബ്ലോക്കിലെ പള്ളിക്കൽ സിഡിഎസിൽ പ്രവർത്തനമാരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാർമിംഗ് ക്ലസ്റ്ററിനു കീഴിലുള്ള ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ ഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ അഞ്ചാമത്തെ സംയോജിത കൃഷി ക്ലസ്റ്ററാണിത്. ‘കാർഷിക സംസ്കൃതിയിലൂടെ’ എന്ന സന്ദേശവുമായി കാർഷിക ഉപജീവന മേഖലയിൽ കർഷകരുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിപ്പിക്കുന്നതിനായി ഉപജീവന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതികൾ ആരംഭിക്കുകയും കർഷകർക്ക് ആവശ്യമായ വിത്ത്, വളം, തൈകൾ, പരിശീലനങ്ങൾ എന്നിവ നൽകുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ലൈവ്ലിഹുഡ് സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഓരോ സീസണിലെ വിപണിവിലയിലെ ഏറ്റക്കുറച്ചിലിൽനിന്ന് കർഷകരെ സംരക്ഷിക്കാനും ഉത്പാദനം സൃഷ്ടിക്കാനും ക്ലസ്റ്റർ അധിഷ്ഠിത പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. സിഡിഎസിൽ കുടുംബശ്രീ കർഷകർ ചേർന്ന് ഏത്തവാഴ, വിവിധ കിഴങ്ങുവർഗങ്ങൾ, പയർ, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്.
ജില്ലാ കുടുംബശ്രീ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില പദ്ധതി വിശദീകരണം നടത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. ജഗദീശൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയിംസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന റെജി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെംബർ രഞ്ജിനി കൃഷ്ണകുമാർ, കുടുംബശ്രീ സിഡിഎസ് മെംബർ സെക്രട്ടറി മുരളി മോഹൻ, മുൻ മെംബർ ശിവദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.