ഷൈജു എസ്.മാധവന്റെ കൃഷിയിടത്തിലെ ഏത്തവാഴകൾ നശിച്ച നിലയിൽ
വെളിയം : കനത്ത ചൂടിലും കാറ്റിലും വെളിയം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കാർഷിക വിളകൾക്കു കനത്ത നാശം. വാപ്പാല വാർഡിൽ ഷൈജു എസ്.മാധവൻ ഒരേക്കറിലധികം ഭൂമിയിൽ കൃഷി ചെയ്ത ആയിരത്തോളം ഏത്തവാഴകളിൽ വലിയൊരു ഭാഗം ഒടിഞ്ഞുവീണു. ഇതിൽ മിക്കവയും കുലച്ച വാഴകളാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശം കൂടിയായതിനാൽ വേനൽച്ചൂട് കൃഷിനാശത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.
വാഴകൾക്കു പുറമെ വിളവെടുപ്പിന് പാകമാകാത്ത മരച്ചീനി, ചേന തുടങ്ങിയ വിളകളും നാശത്തിന്റെ വക്കിലാണ്. വലിയ തുക മുടക്കി കൃഷിയിറക്കിയ ഷൈജുവിനെപ്പോലെയുള്ള കർഷകർ ഇതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പ്രദേശത്ത് കാട്ടുപന്നി ശല്യം കുറഞ്ഞുവന്നതിന് പിന്നാലെയാണ് കടുത്ത ചൂട് കർഷകർക്ക് വില്ലനായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചതോടെ എന്ത് ചെയ്യണമെന്നറിയാത്ത അങ്കലാപ്പിലാണ് ഈ മേഖലയിലെ കർഷകർ.
Tags : Local News Nattuvishesham Kollam