കാഞ്ഞിരപ്പള്ളി: 2025ലെ ഐസിഎംഎസ് (ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) അന്തർദേശീയ സെമിനാർ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് അധ്യക്ഷത വഹിച്ചു. മാനേജർ റവ.ഡോ. കുര്യൻ താമരശേരി മുഖ്യപ്രഭാഷണം നടത്തി. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഷിബു മാനുവൽ, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ കോട്ടയം ചാപ്റ്റർ സെക്രട്ടറി ക്യാപ്റ്റൻ ജയിസ് കുര്യൻ, 2025 ഐസിഎംഎസ് കൺവീനർ റാണി ജോസ് എന്നിവർ പ്രസംഗിച്ചു.
വരണാസി ഐഐടിയിൽനിന്നുള്ള പ്രഫ.ഡോ. അശോക് ജി ഗുപ്ത, കുസാറ്റ് പ്രഫ.ഡോ. അപർണ ലക്ഷ്മണൻ, സ്പെയിനിലെ കാഡിസ് യൂണിവേഴ്സിറ്റി പ്രഫ.ഡോ. ഇസ്മയിൽ ഗോൺസാലസ് യേരോ, രാജസ്ഥാൻ യൂണിവേഴ്സിറ്റി പ്രഫ.ഡോ. ദീപേഷ് ഭട്ടി, അമേരിക്കയിലെ മേരിലാന്റ് സർവകലാശാലാ പ്രഫ.ഡോ. തോമസ് മാത്യു, പാലക്കാട് വിക്ടോറിയ കോളജിലെ ഡോ. റിച്ചു രാജേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നിർവഹിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ, കേരള സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.ദ്വിദിന സെമിനാറിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 196 ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ പങ്കെടുക്കും.
167 ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. ഐസിഎംഎസ് പിന്തുടരുന്ന രീതിയനുസരിച്ച് ഗണിതശാസ്ത്രത്തിന്റെയും സ്റ്റാറ്റിസ്റ്റിക്സിന്റെയും സെമിനാറുകൾ സമാന്തരമായി നേരിട്ടും ഓൺലൈനായും നടത്തും. കോളജിലെ വിദ്യാർഥികൾക്കൊപ്പം കേരളത്തിലും പുറത്തുമുള്ള ഗണിത, സ്റ്റാറ്റിസ്റ്റിക്സ് ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും വിഷയത്തിലെ നൂതന പ്രവണതകളും സാധ്യതകളും തുറന്നു നൽകുന്നതാകും സെമിനാർ എന്ന് മുഖ്യ സംഘാടകരായ കോളജിലെ അധ്യാപകർ ഡോ. ഷിബു മാനുവൽ, റാണി ജോസ്, പ്രതീഷ് എബ്രഹാം, ഡോ. നൈജു എം. തോമസ് എന്നിവർ വിശദീകരിച്ചു.
ഇന്ന് പ്രധാന പ്രഭാഷണങ്ങൾ നിർവഹിക്കുന്നത് സ്പെയിനിലെ കാഡിസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. ഡൊറോത്ത കുസിയാക്, വാരണാസി ഐഐടിയിലെ ഡോ. ലാവണ്യ സെൽവഗണേശ്, എടത്വ സെന്റ് അലോഷ്യസ് കോളജിലെ ഡോ. ജി. ഇന്ദുലാൽ, കേരള യൂണിവേഴ്സിറ്റിയിലെ ഡോ. ദിലീപ് കുമാർ, പിഎസ്ജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അനിൽ സി. മാത്യു, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഡോ. അയോനട്ട് ബെബു എന്നിവരാണ്.
Tags : Seminar nattuvisheasham local