കായംകുളം പുതിയിടം ഇടറോഡിൽനിന്നും പുതുപ്പള്ളി ഭാഗത്തേക്ക് ദേശീയപാത ക്രോസ് ചെയ്യാനുള്ള ഭാഗം അടച്ചപ്പോൾ.
കായംകുളം: ഇടറോഡുകൾ അടച്ചിട്ട് ദേശീയപാത ആറുവരി പാതയാക്കാനുള്ള നിർമാണം നടത്തുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സ്കൂൾ വിദ്യാർഥികൾ അടക്കം ഏതുവഴി യാത്ര ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ്.
കായംകുളം പുതിയിടം ക്ഷേത്ര ജംഗ്ഷനിൽനിന്നും പടിഞ്ഞാറോട്ട് വന്ന് കമലാലയം ജംഗ്ഷൻ ക്രോസ് ചെയ്ത് പുതുപ്പള്ളി റോഡിലേക്ക് കടക്കാൻ കഴിയില്ല. ഇവിടെ കോട്ട കെട്ടുന്നപോലെ അടച്ചു.
തെക്കോട്ട് മാറി കെപിഎസി ജംഗ്ഷനിലെത്തിയശേഷം അവിടെനിന്ന് യു ടേൺ എടുത്ത് സർവീസ് റോഡുവഴി വന്നാലേ പുതുപ്പള്ളി ഭാഗത്തേക്കു പോകാൻ കഴിയൂ.
ജിഡിഎം വഴിയുള്ള റോഡിന്റെ തിരക്കുകൾ കണക്കിലെടുത്താൽ പുതുപ്പള്ളി ഭാഗത്തേക്ക് യാത്ര കൂടുതൽ ദുഷ്കരമാകും. ജിഡി എം കഴിഞ്ഞാൽ പിന്നെ അടിപ്പാത ഉള്ളത് കുന്നത്താലുമ്മൂട് ജംഗ്ഷനിലെ വീതികുറഞ്ഞ അടിപ്പാതയാണ് എന്നതും ആശങ്കവർധിപ്പിക്കുകയാണ്.