വാഴക്കുളം: കദളിക്കാട് - പാണപാറ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായി മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പരിഹാരമായില്ലെന്ന് പ്രദേശവാസികളുടെ പരാതി. കദളിക്കാട് പിരളിമറ്റം റോഡിൽ നിന്നാരംഭിച്ച് തെക്കുംമല നെല്ലിക്കുന്നേൽ താഴം ഭാഗത്തേക്കെത്തുന്ന രണ്ടു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡാണിത്.
ആരംഭ ഭാഗത്ത് അര കിലോമീറ്ററിനുള്ളിൽ തന്നെ തോടിനോടു ചേർന്ന് മൂന്നു ഭാഗത്ത് കരിങ്കൽക്കെട്ട് ഇടിഞ്ഞ് കോൺക്രീറ്റ് ചെയ്ത റോഡ് അപകടാവസ്ഥയിലാണ്. ഒരു സമയം ഒരു വാഹനത്തിനു മാത്രം കടന്നു പോകാൻ വീതിയുള്ള റോഡിന്റെ ഇടിഞ്ഞ ഭാഗങ്ങളിൽ ഉള്ളിലെ മണ്ണ് പകുതിയോളം തോട്ടിലേക്ക് ഒലിച്ചുപോയി കോൺക്രീറ്റ് മാത്രമായി നിൽക്കുകയാണ്.
വഴിയുടെ അപകടാവസ്ഥ അറിയാതെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. പ്രദേശവാസികൾ മുന്നറിയിപ്പു നൽകിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. തോടിന്റെ മറുവശത്തുള്ള കരിങ്കൽകെട്ടും ചിലയിടങ്ങളിൽ ചെരിഞ്ഞ് അപകടാവസ്ഥയിലായിട്ടുണ്ട്. മഴക്കാലത്ത് പുഴയിൽനിന്ന് വെള്ളം കയറുന്ന തോടാണിതെന്നും അതിനാൽ ഇരുവശത്തുമുള്ള കരിങ്കൽ കെട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
റോഡിന്റെ ഇടിഞ്ഞ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കുന്നതിന് നാലു ലക്ഷം ഫണ്ട് അനുവദിച്ചതായും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഉടൻ പണി ആരംഭിക്കുമെന്നും മഴക്കാലത്തിനു മുമ്പ് പ്രശ്നപരിഹാരമാകുമെന്നും പഞ്ചായത്തംഗം ഇ.കെ. സുരേഷ് അറിയിച്ചു.
Tags : It has been three years since the Kadalikadu-Panapara road collapsed and became dangerous.