പാലാ: തന്നെ തോല്‍പ്പിച്ച പാലാക്കാരെ ദ്രോഹിക്കുന്നതിനായി ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ജോസ് കെ. മാണി അട്ടിമറിക്കുന്നതായി മാണി സി. കാപ്പന് എംഎല്‍എ. കെ.എം. മാണി തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാതിരിക്കാൻ ജോസ് കെ. മാണി മനഃപൂര്‍വം നിരന്തരമായി തടസങ്ങള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോടതി വിധി അനുസരിച്ചുള്ള തുക നല്കിയാല് റിവര്‍വ്യൂ റോഡ് നീട്ടുന്നതിനായി കോമളം ഹോട്ടല്‍ ഏറ്റെടുത്തു പൂര്‍ത്തീകരിക്കാം. കോടതി തീര്‍പ്പ് കൽപ്പിച്ച പണം സര്‍ക്കാര്‍ ഖജനാവില്‍നിന്നു നല്കിയാല് ഗീതാഞ്ജലി സാജന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും ഏറ്റെടുത്ത് അരുണാപുരം മരിയന്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ പ്രശ്നം പരിഹരിക്കാം.
സമീപന പാതയില്ലാതെ പണിത കളരിയാമാക്കല്‍ പാലം ഗതാഗതയോഗ്യമാക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിച്ചതും ചില ഉദാഹരണങ്ങള്‍ മാത്രം. ധനകാര്യ മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 20 പ്രൊപ്പോസലുകള്‍ ഈ വര്‍ഷത്തെ ബജറ്റിന് നല്‍കിയെങ്കിലും ഒരെണ്ണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതല്ലാതെ ബാക്കിയെല്ലാം നിഷ്കരുണം തള്ളി. എന്നാല്‍ കെ.എം. മാണി ഫൗണ്ടേഷന് സ്ഥലവും പണവും ഭരണം തീരാറായപ്പോള്‍ അനുവദിച്ചതിന്റെ കാരണം നാട്ടുകാര്‍ക്കറിയാം. കെ.എം. മാണിയുടെ സ്വപ്ന പദ്ധതിയായ അരുണാപുരം റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 2020ല്‍ 19 കോടി 87 ലക്ഷം രൂപയ്ക്ക് ടെന്‍ഡര്‍ ആയിട്ടും ജലസേചനവകുപ്പ് അനുമതി ലഭിച്ചിട്ടും പണി തുടങ്ങാന്‍ പോലും സാധിക്കാത്തത് ജനദ്രോഹനയത്തിന് ഉദാഹരണമാണ്.
താന്‍ എല്‍ഡിഎഫിന്റെ ഭാഗമായി എംഎല്‍എ ആയപ്പോള്‍ ഒന്നരവര്‍ഷത്തിനുള്ളിൽ 123 കോടി രൂപയുടെ വികസനമെത്തിച്ചതിന്റെ ഗുണം മലയോര മേഖല ഉള്‍പ്പെടെ 12 പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാണാന്‍ കഴിയും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മാനിഫെസ്റ്റോ പ്രകാരമുള്ള പദ്ധതികള്‍ മൂന്നു വര്‍ഷത്തിനുള്ളിൽ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയും.
കാര്‍ഷികവിള ശീതീകരണ പ്ലാന്റും ഫുഡ് പാര്‍ക്കും സ്ഥാപിച്ചു കാര്‍ഷിക മേഖലയെ ശക്തീകരിക്കാനും ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് തുടങ്ങിയ ടൂറിസം മേഖലയില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഭരണത്തില്‍ പങ്കാളിയാകുന്നതു വഴി കഴിയും.
ട്രിപ്പിള്‍ ഐടിയും സയന്‍സ് സിറ്റിയും യുഡിഎഫ് ഭരണത്തില്‍ ലഭിച്ചതാണെന്നും എല്‍ഡിഎഫ് ബന്ധത്തില്‍ വ്യക്തിപരമായ നേട്ടമാണ് ജോസ് കെ. മാണി ആഗ്രഹക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. പദവികളൊന്നും കുടുംബസ്വത്താക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭരണത്തില്‍ പങ്കാളിയായി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണമെന്ന ചിന്തയാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.