മാവേലിക്കര: ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, തെറാപ്പി എന്നിവ മെച്ചപ്പെടുത്തുന്നതിനായി ദുബായില്‍നിന്നുള്ള പതിനൊന്നാം ക്ലാസുകാരന് ആരുഷ് പഞ്ചോലിയുടെ നേതൃത്വത്തില്‍ മാവേലിക്കര ജ്യോതിസ് സ്പെഷല്‍ സ്കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റൈസ് ലാബ് (റോബോട്ടിക്സ് ഫോര്‍ ഇന്‍ക്ലൂസീവ് സ്റ്റെം എഡ്യുക്കേഷന്‍ ലാബ്). തയാറാകുന്നു.
ഇമേഴ്സീവ് ലാബ്, വെര്‍ച്വല്‍ റിയാലിറ്റി തെറാപ്പി സംവിധാനം, സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ ഉള്‍പ്പെടുന്ന ലാബുകളുടെ ഉദ്ഘാടനം ബിഷപ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നിവഹിച്ചു.
ദുബായ് ജെംസ് മോഡേണ്‍ അക്കാഡമിയിലെ വിദ്യാര്‍ഥിയായ ആരുഷ് പഞ്ചോലി ഗുജറാത്ത് സ്വദേശിയാണ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യുണീക് വേള്‍ഡ് റോബോട്ടിക്സിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി യുണീക് വേള്‍ഡ് റോബോട്ടിക്സില്‍ പരിശീലനം നേടുന്ന ആരുഷ്, പ്രോജക്ടിന്റെ ഭാഗമായി വിവിധ സ്കൂളുകളില്‍ റോബോട്ടിക്സ് ക്ലാസുകള്‍ എടുക്കുന്നതിനിടയിലാണ് ജ്യോതിസ് സ്പെഷല്‍ സ്കൂളിലെത്തുന്നത്.
സ്കൂളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലാക്കിയ ആരുഷ്, ദുബായിലെ വിവിധ സംഘടനകളുമായി സഹകരിച്ചും വീക്കെന്‍ഡ് സെയിലുകള്‍ നടത്തിയുമാണ് 10 ലക്ഷത്തോളം രൂപ സമാഹരിച്ചത്. ഈ തുക ഉപയോഗിച്ച് സ്ഥാപിച്ച ലാബുകളുടെ നിര്‍വഹണവും നടത്തിപ്പും യുണീക് വേള്‍ഡ് റോബോട്ടിക്സാണ് ഏകോപിപ്പിച്ചത്.
റോബോട്ടിക്സിലെ ലോകോത്തര നിലവാരമുള്ള നിരവധി മത്സരങ്ങളിലെ വിജയിയാണ് ഈ യുവപ്രതിഭ. കേരളത്തിലെ പത്തോളം സ്കൂളുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കണമെന്നാണ് ആരുഷിന്റെ ആഗ്രഹം.
മാര്‍ത്തോമാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് സ്പെഷല്‍ സ്കൂള്‍ ആന്‍ഡ് തെറാപ്പി സെന്റര്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, വൊക്കേഷണല്‍ ട്രെയിനിംഗ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി തുടങ്ങിയ സേവനങ്ങള്‍ നല്കുന്നു. സ്കൂളിന്റെ ഡയറക്ടര്‍ ഫാ. വിനോദ് ഈശോയാണ്.
പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ആരുഷ് പഞ്ചോലിയും ചേര്‍ന്ന് നിര്‍വഹിച്ചു. മാവേലിക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നൈനാന് സി. കുറ്റിശേരി, ഡയറക്ടര്‍ ഫാ. വിനോദ് ഈശോ എന്നിവര്‍ പ്രസംഗിച്ചു.
Tags : School nattuvisheasham local