കാഞ്ഞിരപ്പള്ളി: ഉപജില്ലാ സ്കൂൾ കലോത്സവം 11 മുതൽ 14 വരെ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ 109 സ്കൂളുകളിൽ നിന്നായി 5400ഓളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.
ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിൽ 12നു രാവിലെ 9.30ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കലോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ഫാ. മാത്യു വയലുങ്കൽ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുൾഫിക്കർ കലോത്സവ വിശദീകരണവും നടത്തും. 14നു വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസജില്ലാ ഓഫീസർ റോഷ്ന അലിക്കുഞ്ഞ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ, യുപി സ്കൂൾ, എൽപി സ്കൂൾ, ചിറക്കടവ് മണക്കാട്ട് ദേവീക്ഷേത്ര ഹാൾ, ചിറക്കടവ് ഈസ്റ്റ് എൻഎസ്എസ് ഓഡിറ്റോറിയം, ചിറക്കടവ് സെന്റ് ഇഫ്രേംസ് പള്ളി പാരിഷ് ഹാൾ, വിൻസന്റ് ഡി പോൾ ഹാൾ എന്നിവിടങ്ങളിലെ 14 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുക.
സ്കൂൾ കലോത്സവത്തോടൊപ്പം സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിവയും 11ന് സെന്റ് ഇഫ്രേംസ് എൽപി സ്കൂളിൽ ഭിന്നശേഷി കലോത്സവവും നടത്തും. "തരംഗം 2025' എന്നു പേരിട്ടിരിക്കുന്ന കലോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്തതും വിദ്യാർഥികളിലൊരാളാണ്.
വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിച്ച് വരുന്നതായി സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. സുൾഫിക്കർ, സംഘാടകസമിതി ഭാരവാഹികളായ എം.ആർ. പ്രവീൺ, ജേക്കബ് മാത്യു, ടിനോ വർഗീസ്, ബിൻസി ഏബ്രഹാം, ടോമി ജേക്കബ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.