കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം ദേശീയ നിലവാരമുള്ള ഫുട്ബോള്‍ മത്സരം മടങ്ങിയെത്തുന്ന ആവേശത്തിലാണ് കണ്ണൂരുകാർ. നഗര-ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ മനസില്‍ ഇതിനകം സൂപ്പര്‍ ലീഗ് കേരളയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും ഇടംപിടിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30ന് കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റേഡിയത്തിൽ 15,000 ആരാധകര്‍ക്ക് കളി കാണാം
ഫെഡറേഷന് കപ്പ്, ഇ.കെ. നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസേര്സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008ല്‍ നടന്ന ഇ.കെ. നായനാര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരം കാണാന്‍ ഗാലറി നിറഞ്ഞു കവിഞ്ഞത്.
2012 ഒക്ടോബറില്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ 50,000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരുവശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ 15,000 ത്തിലധികം പേര്‍ക്കായിരിക്കും മത്സരം കാണാന്‍ സാധിക്കുക.
ടീമില്‍ ഒമ്പത്കണ്ണൂരുകാര്
സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളാണ് ബൂട്ടു കെട്ടുന്നത്. ആദ്യ സീസണില്‍ കളിച്ച അശ്വിന് കുമാര്‍ രണ്ടാം സീസണിലും വാരിയേഴ്സിന് വേണ്ടി ബൂട്ടുകെട്ടും.
ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഡൈമണ്ട് ഹാര്‍ബറിന് വേണ്ടി കിരീടം നേടിയ താരമാണ്. ഗോള്‍പോസ്റ്റില്‍ വാരിയേഴ്സിന്റെ കാവല്‍ക്കാരായി രണ്ട് കണ്ണൂര്കാരുണ്ട്. 2021 ഐ ലീഗ് സീസണിലെ മികച്ച ഗോള്‍കീപ്പറും ഐ ലീഗ് ഡ്യൂറന്‍ഡ് കപ്പ് നേടിയ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ്, കേരളത്തിന് വേണ്ടി രണ്ട് സന്തോഷ് ട്രോഫി കിരീടം നേടിയ മുന്‍ കേരള ക്യാപ്റ്റന്‍ വി. മിഥുന് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍.
പ്രതിരോധനിരയിലുമുണ്ട് കണ്ണൂരുകാര്. 38 ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ 21 വയസുകാരന് സച്ചിന് സുനി, സൂപ്പര്‍ ലീഗ് കേരളയുടെ ഗെയിംസ് ചേഞ്ചര്‍ പ്രൊജക്ടില്‍ നിന്ന് സീനിയര്‍ ടീമിലെത്തിയ പി.പി. ബാസിത്ത്, കേരള യുണൈറ്റഡിന് വേണ്ടി 2023-2024 സീസണില്‍ കേരള പ്രീമിയര്‍ ലീഗ് നേടിയ ഷിബിന്‍ ഷാദ് എന്നിവര്‍ ടീമിന്റെ പ്രതിരോധം കാക്കും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഐ ലീഗ് ക്ലബ് ശ്രീനിധി ഡക്കാനില്‍ നിന്ന് മുഹമ്മദ് സനാദ്, ജില്ലാ ലീഗില്‍ നിന്ന് മുഹമ്മദ് നാസിഫ്, യേനപ്പോയ സര്‍വകലാശാല താരം മുഹമ്മദ് സിനാന് തുടങ്ങിയവരാണ് കണ്ണൂര്ക്കാർ.
സ്റ്റേഡിയത്തിൽ
നിരോധിച്ച വസ്തുക്കള്‍
പവര്‍ ബാങ്ക്, സിഗരറ്റ് ആൻഡ് ലൈറ്റര്‍,സെല്‍ഫി സ്റ്റിക്ക്, കോയിന്‍സ്, വിസില്‍, ഗ്ലാസ് കുപ്പികള്‍, കുട, ഹെല്‍മറ്റ്, ഡിഎസ്എല്‍ആര്‍ കാമറ, ആയുധങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, ലേസർ, ലഹരി ഉത്പന്നങ്ങള്‍, മദ്യം, വീഡിയോ കാമറ, ഡ്രോണ്‍സ്, ടിന് ആൻഡ് ക്യാന്സ്, സംഗീത ഉപകരണങ്ങള്‍, കത്തുന്ന വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍, പടക്കങ്ങള്‍.
Tags : local nattuvishesham football