കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഇന്ന് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ തുടക്കമാകും. ഇന്നും നാളെയും സ്റ്റേജിതര മത്സരങ്ങളും ആറു മുതല്‍ എട്ടുവരെ തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. അഞ്ചുദിവസത്തെ കലോത്സവത്തില്‍ 141 ഇനങ്ങളിലായി 3590 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെയും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെയും 99 കോളജുകളില്‍നിന്നുള്ള മത്സരാര്‍ഥികളാണ് കലോത്സവത്തിനെത്തുക. 11 വേദികളിലായാണ് മത്സരം.
പൂരക്കളി മത്സരം പടന്നക്കാട് കാര്‍ഷിക കോളജിലും തെരുവുനാടകമത്സസരം ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിലും നടക്കും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് എഴുത്തുകാരന് ഇ.പി. രാജഗോപാലന്‍ നിര്‍വഹിക്കും. ശില്പി ഉണ്ണി കാനായി മുഖ്യാതിഥിയായിരിക്കും. പ്രസംഗം, കവിതാലാപനം, കവിത, ചെറുകഥ, പ്രബന്ധരചന, തിരക്കഥാരചന, കാര്‍ട്ടൂണ്‍, പൂക്കളം, ക്ലേ മോഡലിംഗ്, കാരിക്കേച്ചര്‍, ഓയില്‍ പെയിന്റിംഗ് എന്നിവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങള്‍.
സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ആറിന് ഉച്ചയ്ക്കു രണ്ടിന് മന്ത്രി ഒ. ആര്.കേളു നിര്‍ഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ജില്ലയിലെ എംഎല്‍എമാര്‍, വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്ത പ്രകമ്പനം സിനിമയുടെ അഭിനേതാക്കള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാനും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാനുമായ വി.വി. രമേശന്, ജനറല്‍ കണ്‍വീനര്‍ കെ.പ്രണവ്, സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. എ. അശോകന്, പ്രിന്‍സിപ്പല്‍ ഡോ. ടി. ദിനേശ്, എ. മോഹനന്, എം. ദില്‍ജിത്ത് എന്നിവര്‍ പങ്കെടുക്കും.
വിളംബര ജാഥ നടത്തി
കാഞ്ഞങ്ങാട്: കണ്ണൂർ സർവകലാശാല കലോത്സവത്തിനു മുന്നോടിയായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ വിളംബര ജാഥ നടത്തി. പുതിയകോട്ടയിൽ നിന്നാരംഭിച്ച ജാഥ കാഞ്ഞങ്ങാട് ടൗൺ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. എ. അശോകൻ, വിദ്യാർഥിക്ഷേമ വിഭാഗം ഡീൻ ഡോ. കെ.വി. സുജിത്ത്, നെഹ്റു കോളജ് പ്രിൻസിപ്പൽ ഡോ. ടി. ദിനേശ്, സർവകലാശാല യൂണിയൻ ചെയർമാൻ നന്ദജ് ബാബു, ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ, വൈസ് ചെയർമാൻ എം. ദിൽജിത്ത്, ജോ. സെക്രട്ടറി കെ. ആദിഷ, സംഘാടക സമിതി കൺവീനർ കെ. പ്രണവ് എന്നിവർ നേതൃത്വം നൽകി.