വിഷ്ണുലാൽ
ആലപ്പുഴ: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു. അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ വേലിയത്ത് കിഴക്കേതില്‍ വീട്ടില്‍ ലാലാച്ചി എന്നു വിളിക്കുന്ന വിഷ്ണുലാലി(31)നെയാണ് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊതു ജനങ്ങൾക്ക് നിരന്തരം ശല്യവും ഭീഷണിയും ആയതിനത്തുടർന്ന് 2022ൽ ഇയാളെ കാപ്പാ നിയമപ്രകാരം ഒരു വർഷം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.
ശിക്ഷാ കാലാവധി തീരുന്നതിനു മുൻപ് പുറത്തിറങ്ങിയ ഇയാൾ വീണ്ടും ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ 2025ൽ വീണ്ടും കാപ്പനിയമപ്രകാരം നടപടി സ്വീകരിച്ചിരുന്നു. 2026ൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച കേസിൽ പ്രതിയായതിനെതുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. പ്രതീഷ്കുമാർന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാളെ കാപ്പാ നിയമപ്രകാരം ഒരു വർഷക്കാലത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കും.