ജോസ് തെങ്ങിൻ തോട്ടത്തിൽ
കെ.ജെ. ജോബി
പുൽപ്പള്ളി: പത്ത് ഏക്കർ സ്ഥലത്ത് തനിവിളയായി മൂന്നര പതിറ്റാണ്ടായി തെങ്ങ് കൃഷി ചെയ്ത് നൂറുമേനി തിളക്കത്തിൽ കേരള-കർണാടക അതിർത്തിയിലെ മരക്കടവ് കാരക്കൊന്പിൽ കെ.വി. ജോസ് എന്ന കർഷകൻ. കബനിനദിയുടെ തീരത്താണ് ജോസിന്റെ കൃഷിയിടം. നാളികേര കർഷകനെന്ന നിലയിൽ ഇത്രയും വർഷത്തിനിടയിൽ ഒരിക്കൽ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് ജോസ് പറയുന്നു. മികച്ച വിളവും വരുമാനവും നൽകുന്ന കൃഷിയാണിത്.
1990ലാണ് കബനിനദിയുടെ തീരത്തായി മരക്കടവിൽ സ്ഥലം വാങ്ങി തെങ്ങ് തനിവിളയായി കൃഷി ചെയ്യുന്നത്. സമീപത്ത് കൂടി കബനിനദിയൊഴുകുന്നതിനാൽ ജലസേചനത്തിനും നാളിതുവരെയായി ഒരു തടസവുമുണ്ടായിട്ടില്ല. തേങ്ങയുടെ വിളവെടുപ്പ് ഒന്നര മാസം കൂടുന്പോഴാണ്. ഒരാഴ്ചയോളം സമയമെടുത്താണ് വിളവെടുപ്പ് പൂർത്തിയാക്കുന്നത്. രണ്ടോ, മൂന്നോ ദിവസത്തിനുള്ളിൽ തേങ്ങ പൊതിച്ച് വിൽക്കും.
ശരാശരി 100 ക്വിന്റലോളം വിളവാണ് ഒരുസമയത്ത് ലഭിക്കാറുള്ളത്. കച്ചവടക്കാർ കൃഷിയിടത്തിലെത്തി തേങ്ങ വാങ്ങുന്നതിനാൽ മറ്റ് ബുദ്ധിമുട്ടുകളുമില്ലെന്ന് ജോസ് പറഞ്ഞു. തേങ്ങയായി തന്നെയാണ് ഇത്രയും കാലമായി വിൽപ്പന നടത്തുന്നത്. ഇടയ്ക്ക് കരിക്കെടുക്കാനും തോട്ടത്തിൽ ആളുകളെത്തുന്നുണ്ട്.
കരിക്ക് ഒന്നിന് 30 രൂപ ലഭിക്കും. കച്ചവടക്കാർത്തന്നെ കരിക്ക് പറിച്ച് വാഹനത്തിൽ കൊണ്ടുപോകുന്നതിനാൽ മറ്റ് ചെലവുകളുമില്ല. ചകിരിയും മറ്റും നേരത്തെ വിൽപ്പന നടത്തിയിരുന്നെങ്കിലും ഇപ്പോഴില്ല. കൃഷിയിടത്തിൽ തന്നെ പശുഫാമുള്ളതിനാൽ ചാണകമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. വർഷത്തിലൊരിക്കൽ നേരിയ രീതിയിൽ രാസവളപ്രയോഗവും നടത്താറുണ്ടെന്ന് ജോസ് പറഞ്ഞു.
വയസ് 70 ആയെങ്കിലും മുഴുവൻ സമയവും ജോസ് കൃഷിയിടത്തിൽ തന്നെയാണ്. കബനികടന്നും അല്ലാതെയുമെത്തുന്ന കാട്ടാനകൾ പലപ്പോഴും കൃഷിക്ക് ഭീഷണിയാകാറുണ്ട്. നിലവിൽ സ്വന്തം ചെലവിൽ ഫെൻസിംഗ് ഇട്ടാണ് കൃഷിയെ സംരക്ഷിച്ചുപോരുന്നത്. പശുഫാം കൂടാതെ മത്സ്യകൃഷി നടത്താനും താൽപര്യമുള്ള ജോസ് കൃഷിയിടത്തിൽ തന്നെ കുളമുണ്ടാക്കാനുള്ള തയാറെടുപ്പിലാണ്.
വിലയിടിവിനെ തുടർന്ന് തെങ്ങ് കൃഷിയിൽ നിന്ന് കർഷകർ പിന്തിരിഞ്ഞപ്പോഴും തെങ്ങ് കൃഷി വിടാതെ സംരക്ഷിച്ച് പോന്ന ജോസിന് തേങ്ങയുടെ വില വർധന ഏറെ ഗുണകരമായിരിക്കുകയാണ്. ഒരു വശം കബനി പുഴയും നെൽപ്പാടത്താലും ചുറ്റപ്പെട്ട ജോസിന്റെ തെങ്ങിൻ തോട്ടം മനോഹര കാഴചയാണ്. ജില്ലയിൽ തന്നെ തനിവിളയായി തെങ്ങ് കൃഷി ചെയ്യുന്ന പ്രധാന കർഷകൻ കൂടിയാണ് ജോസ്. പരേതയായ ആനീസാണ് ജോസിന്റെ ഭാര്യ. മക്കളായ സിബി, ജോസുകുട്ടി എന്നിവരും കൃഷിയിൽ സജീവമാണ്.
Tags : Local News Nattuvishesham Wayanad