കാസർഗോഡ്: വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ സന്ദേശം സംസ്ഥാനവ്യാപകമായി എത്തിക്കുന്നതിന് വാഹനജാഥ സംഘടിപ്പിക്കുന്നു. കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്ര എന്ന പേരിലുള്ള ജാഥ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളരിക്കുണ്ടിലെ സത്യഗ്രഹപന്തലിൽ നിന്നാരംഭിക്കും.
ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡന്റ് ചൗധരി ഹർപാൽ സിംഗ് ജാഥയുടെ ഉദ്ഘാടനം നിർവഹിക്കും. രാഷ്ട്രീയ കിസാൻ മസ്ദൂർ മഹാസംഘ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി രവിദത്ത് സിംഗ് അധ്യക്ഷത വഹിക്കും. ജാഥ 15 ന് തിരുവനന്തപുരത്ത് സമാപിക്കും. തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ 100 മണിക്കൂർ ഉപവാസം നടത്തും.
കർഷകസ്വരാജ് സത്യഗ്രഹ ഐക്യദാർഢ്യ സമിതി ചെയർമാൻ കെ.വി. ബിജുവാണ് ജാഥാ ക്യാപ്റ്റൻ. ജാഥയ്ക്ക് എല്ലാ ജില്ലകളിലും വിവിധ കർഷക സംഘടനകളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും. തിരുവനന്തപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക നേതാക്കൾ പങ്കെടുക്കും.
സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന 100 മണിക്കൂർ ഉപവാസത്തിന്റെ ഭാഗമായി വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് പ്രമുഖർ പങ്കെടുക്കുന്ന റൗണ്ട് ടേബിൾ ടോക്ക് നടക്കും.
മൂന്നുമാസത്തോളമായി തുടരുന്ന കർഷകസ്വരാജ് സത്യഗ്രഹവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുള്ള നിവേദനത്തിൽ അനുകൂല നടപടികളുണ്ടായില്ലെങ്കിൽ ജനുവരി മുതൽ കൂടുതൽ തീവ്രമായ സത്യഗ്രഹരൂപങ്ങൾ സ്വീകരിച്ച് സമരം വ്യാപകമാക്കുമെന്ന് സത്യഗ്രഹസമിതി ചെയർമാൻ സണ്ണി പൈകട, കൺവീനർ ബേബി ചെമ്പരത്തി, ട്രഷറർ ജിമ്മി ഇടപ്പാടി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.