ബത്തേരി-പാട്ടവയൽ റോഡിൽ നടപ്പാതയ്ക്കായി മണ്ണ് നീക്കിയ ഭാഗത്ത് കുഴി രൂപപ്പെട്ടിരിക്കുന്നു.
സുൽത്താൻ ബത്തേരി: സംസ്ഥാനപാതയായ ബത്തേരി-പാട്ടവയൽ റോഡിന്റെ സൈഡിലൂടെ നടപ്പാത നിർമാണം മന്ദഗതിയിൽ നീങ്ങുന്നത് പ്രദേശവാസികൾക്കും യാത്രക്കാരനും ആശങ്കയാകുന്നു.
ഇന്റർലോക്ക് പാകുന്നതിനായി റോഡിന്റെ വക്കിൽ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളിൽ വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത വർധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്ലോക്ക് ഓഫീസും പ്രവർത്തിക്കുന്നതിനാൽ ദിവസേന നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ഈ വഴിയാണ് ആശ്രയിക്കുന്നത്. നിർമാണം നീണ്ടുപോകുന്നതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതും അപകടഭീഷണി ഇരട്ടിയാക്കുന്നു. പൂർത്തീകരിച്ച ഭാഗങ്ങളിൽ നിർമിച്ച നടപ്പാതയ്ക്ക് വീതി കുറവാണെന്ന ആക്ഷേപവുമുണ്ട്. ഒരാൾക്ക് മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയാണ് ചില ഇടങ്ങളിൽ ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതുമൂലം വിദ്യാർഥികൾക്കും വയോധികർക്കും ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.ഇന്റർലോക്ക് കല്ലുകൾ റോഡിന്റെ വക്കിൽ കെട്ടിവച്ചിരിക്കുന്നതും ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായി ആരോപണം ഉണ്ട്. ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ അപകട സാധ്യത കൂടുതലാണ്. പ്രവൃത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Local News Nattuvishesham Wayanad