കാഞ്ഞങ്ങാട്: തൊഴില്‍പരമായ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന തൊഴില്‍ശ്രേഷ്ഠ പുരസ്കാരത്തിന് ജില്ലയില്‍ നിന്ന് മൂന്നുപേര്‍ അര്‍ഹരായി. ബ്യൂട്ടീഷന് മേഖലയില്‍ ബബിത ബേബി, പാചകതൊഴില്‍ മേഖലയില്‍ മേരി മെല്ഡോ, കള്ളുചെത്ത് മേഖലയില്‍ എ. ഷിബു എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 27ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും.
ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി
ബബിത ബേബിക്ക് ലഭിച്ചത് സ്വപ്രയത്നത്താല്‍ ജീവിതവിജയം നേടിയ വനിതാസംരംഭകയ്ക്കുള്ള അംഗീകാരം. കഴിഞ്ഞ 16 വര്‍ഷമായി ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന ബബിത കാഞ്ഞങ്ങാട് നവ ലേഡീസ് ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ്. രാജപുരം സ്വദേശിനിയായ ബബിത കഴിഞ്ഞ 16 വര്‍ഷമായി ബ്യൂട്ടീഷനായി ജോലി ചെയ്യുന്നു. നിലവില്‍ കാഞ്ഞങ്ങാട് സൗത്തിലാണ് താമസം. ഭര്‍ത്താവ് മണ്ണൂര്‍ എം.പി. മാത്യു പടന്നക്കാട് നവ റസ്റ്ററന്റ് ഉടമയാണ്. അലൈക (ഇന്‍ഫോപാര്‍ക്ക്, കൊച്ചി), ആഷിക് (ഒമ്പതാംക്ലാസ് വിദ്യാര്‍ഥി, കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ്) എന്നിവര്‍ മക്കളാണ്.
മേരിയുടെ മീന്രുചിക്കൂട്ട്
പിടയ്ക്കുന്ന മീന്‍ കിട്ടുന്ന മടക്കര ഹാര്‍ബറില്‍ മീന്‍രുചി വൈവിധ്യമൊരുക്കി മേരി മെല്‍ഡ. പ്രധാനമായും മത്സ്യതൊഴിലാളികള്‍ ആശ്രയിക്കുന്ന മടക്കരയിലെ കാന്റീനിലെ ഏക പാചകക്കാരിയാണ് മേരി. പ്രാതല്‍ കഴിക്കാനാണ് ഇവിടെ ഏറെ തിരക്ക്. പൊറോട്ട, പൂരി, നെയ്പത്തല്, വിവിധതരം മീന്‍കറികള്‍, ചിക്കന്‍കറി, വെജിറ്റബിള്‍ കറി എന്നിവ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ ലഭിക്കും. ഉച്ചയൂണ്, നെയ്ചോറ്, ചായ, കടികള്‍ എന്നിവ വേറെ.
പുലര്‍ച്ചെ 5.30ന് ആരംഭിക്കുന്ന ജോലി വൈകുന്നേരം അഞ്ചോടെയാണ് അവസാനിക്കുക. എറണാകുളം തേവര സ്വദേശിയായ മേരി ചെറുവത്തൂര്‍ സ്വദേശിയായ ജിനീഷിനെ വിവാഹം കഴിച്ചാണ് വിടേക്ക് വരുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ബികോം ബിരുദധാരിയായ മേരി ഫിനാന്‍സ് മേഖലയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. മൂന്നുവര്‍ഷം മുമ്പാണ് പാചകരംഗത്തേക്ക് തിരിയുന്നത്. കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ അമന് ദയാലിനോടൊപ്പം ചെറുവത്തൂര്‍ നെല്ലിക്കാലിലാണ് താമസം.
ചെത്താണ്, സെറ്റാണ്
ഒരുദിവസം മൂന്നുനേരം ചെത്തുന്നത് 10 തെങ്ങ്. ഒരുമാസം അളക്കുന്നത് 1000-1500 ലീറ്റര്‍ കള്ള്. മാസവരുമാനം 70,000 മുതല്‍ 80,000 വരെ. എ. ഷിബു എന്ന കള്ളുചെത്ത് തൊഴിലാളി ഒരു മാതൃകയാണ്. അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ നല്ല വരുമാനം ലഭിക്കുമെന്ന് 36കാരന്റെ ജീവിതം പഠിപ്പിക്കുന്നു. പാലക്കാട് സ്വദേശിയായ ഷിബു 17 വര്‍ഷം മുമ്പാണ് ജോലി തേടി കാസര്‍ഗോട്ടേക്ക് എത്തുന്നത്. ഇവിടെ ചെത്തുതൊഴിലാളികളുടെ എണ്ണം വളരെ കുറവായത് ഷിബുവിന് ഗുണം ചെയ്തു. ഇന്നു ജില്ലയില്‍ ഏറ്റവും അധികം കള്ള് അളക്കുന്ന തൊഴിലാളികളില്‍ ഒരാളാണ് ഷിബു. കുടുംബസമേതം മയിലാട്ടിയിലാണ് താമസം. ചിക്കുമോള്‍ ആണ് ഭാര്യ. അഭിദേവ്, അയാന്ദേവ്, ആയുഷ്ദേവ് എന്നിവര്‍ മിക്കളാണ്.