കണ്ണൂർ: കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളും കണ്ണൂർ ശിക്ഷക് സദനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന പ്രസിഡന്റ് കെ. സിജു പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈകുന്നേരം മൂന്നിന് പ്രതിനിധി സമ്മേളനം നടക്കും. ഒമ്പതിന് രാവിലെ 10 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോർജ് ടി. ഏബ്രഹാം അധ്യക്ഷനാകും. ഡോ. കെ.വി. സജയ് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ചയ്ക്ക് കാരണമാകുന്ന പൊതു-വിദ്യാഭ്യാസ ഏകീകരണ നടപടികൾ പിൻവലിക്കുക, അധ്യാപക സംഘടനകളുടെ റഫറണ്ടം നടപ്പിലാക്കാനുള്ള നീക്കത്തിൽനിന്നു പിൻമാറുക, പ്ലസ് വൺ പ്രവേശനത്തിൽ മാർജിനൽ ഇൻക്രീസ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ പ്രമേയമായി അവതരിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സിജു അറിയിച്ചു.
ജനറൽ സെക്രട്ടറി എസ്. അജിത്ത് കുമാർ, ഇ.പി. ജോസുകുട്ടി, പി. എസ് സുമേഷ്, എസ്. സജീഷ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.