കാഞ്ഞങ്ങാട്: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഒരുക്കുന്ന കീ ടു എൻട്രൻസ് എഐ സംയോജിത പ്രത്യേക പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നഗരസഭാ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു.
കരിയർ ഗൈഡൻസ് സെൽ ജില്ലാ കോ-ഓർഡിനേറ്റർ കെ. മൈസൺ അധ്യക്ഷത വഹിച്ചു. കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ റോജി ജോസഫ് പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ ജില്ല കോ-ഓർഡിനേറ്റർമാരായ സി. പ്രവീൺകുമാർ, സി. മനോജ് കുമാർ, വിഎച്ച്എസ്സി കരിയർ മാസ്റ്റർ സമീർ പി. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ എൻ.കെ. ബാബു, പ്രവീൺ കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
കീം, നീറ്റ്, സിയുഇടി, സിഎ ഫൗണ്ടേഷൻ, പിഎസ്സി തുടങ്ങിയ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം ഉറപ്പാക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് കീ ടു എൻട്രൻസ് പോർട്ടൽ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രായോഗിക പരിചയം വർധിപ്പിക്കുന്നതിനായി വിവിധ മോക്ക് ടെസ്റ്റുകളും പോർട്ടലിൽ ലഭ്യമാണ്. കൈറ്റിന്റെ സമഗ്ര എഐ ലേണിംഗ് റൂം വഴി വിദ്യാർഥിയുടെ പഠനവേഗതയും പ്രകടനവും വിലയിരുത്തി വ്യക്തിഗത പഠനപദ്ധതികൾ സൃഷ്ടിക്കുന്നു എന്നതാണ് കീ ടു എൻട്രൻസിന്റെ പ്രധാന സവിശേഷത. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബിഗിനർ, ഇന്റർമീഡിയറ്റ്, എക്സലന്റ് എന്നീ തലങ്ങളിലുള്ള ചോദ്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
സയൻസ് വിഷയങ്ങൾക്ക് പുറമെ ഇക്കണോമിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾക്കും ഇതിൽ പ്രത്യേക പഠനപദ്ധതികളുണ്ട്.
25 മുതൽ ആരംഭിക്കുന്ന അടുത്ത ഘട്ടത്തിൽ ഇംഗ്ലീഷ്, ലോജിക്കൽ റീസണിംഗ്, ജനറൽ അവയർനസ് എന്നിവ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. www.entrance. kite.kerala. gov.in എന്ന പോർട്ടലിലൂടെ സ്കൂളിൽ നിന്ന് ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് പോർട്ടലിൽ പ്രവേശിക്കാം.
ഇതിനുപുറമെ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും വിക്ടേഴ്സ് യൂട്യൂബ് ചാനലിലൂടെയും ക്ലാസുകൾ ലഭ്യമാണ്. സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങളോ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാത്ത കുട്ടികൾക്ക് സ്കൂളുകളിൽ തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
Tags :