നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ ഏറ്റവും കൂടുതൽ എണ്ണം വീണ്ടെടുത്തതിനുള്ള അംഗീകാരം ടെലികോം വിഭാഗം റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രദീപിന് സമർപ്പിക്കുന്നു.
കൊല്ലം: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്തു നൽകുന്നതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കൊല്ലം റൂറൽ പോലീസ് ജില്ലയ്ക്ക്. കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷസ് കേന്ദ്രീകൃത സംവിധാനമായ സിഇഐആർ (സെൻട്രലൈസ്ഡ് സിസ്റ്റം ഇംപ്ളിമെന്റഡ് ടു മാനേജ് ആൻഡ് ട്രാക്ക് മൊബൈൽ ഡിവൈസസ്) പോർട്ടലിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള ടീം നേട്ടം കൈവരിച്ചത്.
റൂറൽ എസ്പി ഓഫീസിനു കീഴിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ഓരോ മാസവും ലഭിക്കുന്നത്. പരാതികൾ ബന്ധപ്പെട്ട എസ്എച്ച്ഒമാരുടെ മേൽനോട്ടത്തിൽ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു ചിട്ടയായ അന്വേഷണം നടത്തിയാണ് ഫോണുകൾ വീണ്ടെടുക്കുന്നത്.
എറണാകുളം മറൈൻ ഡ്രൈവിലെ ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ടെലികോം വകുപ്പ് ദക്ഷിണ മേഖല വാർഷിക സമ്മേളനത്തിൽ റൂറൽ എസ്പി ടി.കെ.വിഷ്ണു പ്രദീപിന് പ്രശംസാ പത്രം കൈമാറി. ചടങ്ങ് ടെലികോം ഡിജിആർ കെ.ഗോയൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എഡിജിപി എസ്.ശ്രീജിത്ത്, ടെലികോം കേരള അഡീഷണൽ ഡയറക്ടർ ജനറൽ ബെന്നി ചിന്നപ്പൻ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മിഷൻ മെമ്പർ ദേബ് കുമാർ ചക്രവർത്തി എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam