ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് എൻഎബിഎച്ച് അംഗീകാരം. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ ആദ്യമായി ലഭിക്കുന്ന നേട്ടമാണിത്.
2018ൽ ആരംഭിച്ച പരിശ്രമത്തിന്റെയും സർവതലങ്ങളിലുമുള്ള പ്രവർത്തകരുടെ കൂട്ടായ പ്രയത്നത്തിന്റെയും ഫലമായാണ് കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് ദേശീയ നിലവാരത്തിലുള്ള നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് എമറാൾഡ് അംഗീകാരം ലഭിച്ചത്. ഇത് ആശുപത്രിയുടെ സേവന നിലവാരത്തിനും പ്രവർത്തന മാനദണ്ഡങ്ങൾക്കും ലഭിക്കുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ്.
സർക്കാർ മെഡിക്കൽ കോളജിലെ ചികിത്സയുടെ, പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയെന്ന ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് മുമ്പോട്ടുവച്ച ക്വാളിറ്റി ഇംപ്രുവ്മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതിയുടെ ചുവടു പിടിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
എമർജൻസി വിഭാഗത്തിൽ ഒരു പ്രഫസർ, നാല് അസിസ്റ്റന്റ് പ്രഫസർ, 10 സീനിയർ റെസിഡന്റ് ഡോക്ടർമാർ എന്നിവരെ നിയമിച്ചതോടെയാണ് എൻഎബിഎച്ച് അക്രഡിറ്റേഷനിലേക്ക് ഉയരാൻ അത്യാഹിത വിഭാഗം സജ്ജമായത് .
ആശുപത്രിയുടെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. അജിത് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. രതീഷ് കുമാർ ആർ., ഡോ. അഞ്ജലി പ്രേം, ഡോ. സിറിൾ ജേക്കബ് കുര്യൻ, ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഉഷാ പി.കെ., എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ ഏകോപിതമായ പരിശ്രമം ഈ അംഗീകാരം ലഭിക്കുന്നതിനു മുതൽക്കൂട്ടായി.
ഇതിനുമുമ്പുതന്നെ ആശുപത്രി പ്രസവ-പ്രസവാനന്തര സേവനങ്ങൾക്കുള്ള ദേശീയ നിലവാര അംഗീകാരവും ആരോഗ്യ സർവകലാശാലയുടെ എ ഗ്രേഡ് അംഗീകാരവും നേടിയിട്ടുണ്ട