കോവളം: തലസ്ഥാന നഗരിക്ക് പുത്തൻ പുതുവൽസര അനുഭവം സമ്മാനിക്കാനൊരുങ്ങി വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. ശുഭ സന്ദേശവുമായി പിറക്കുന്ന പുതുവർഷത്തെ എതിരേൽക്കാൻ എത്തുന്നവർക്കു കാഴ്ച വിരുന്നൊരുക്കാൻ കൂറ്റൻ പാപ്പാഞ്ഞിയും തയാറായിക്കഴിഞ്ഞു.
പാപ്പാഞ്ഞിയെ കത്തിച്ച് 2025നു വിട നൽകി 2026നെ ഇരുകൈയും നീട്ടീ സ്വീകരിക്കുന്ന ശുഭ മുഹൂർത്തത്തിനു സാക്ഷിയാകാൻ പ്രകൃതി രമണീയമായ വില്ലേജിൽ ആയിരങ്ങൾ അണിനിരക്കും. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര് പത്തു ദിവസങ്ങളെടുത്തു തയാറാക്കിയ 40 അടി ഉയരത്തിലുള്ള പാപ്പാഞ്ഞിയാണ് കോവളത്തിന്റെ ഇക്കൊല്ലത്തെ ആകർഷണിയത. കുട്ടികൾ മുതൽ പ്രായമായവരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്.
കൂടാതെ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിന്റെ സംഗീത വിരുന്നാണ് മറ്റൊരു ആകര്‍ഷണം. ഇതോടൊപ്പം ഡിജെ പാർട്ടി, ഫുഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ഒരുക്കി ആഘോഷത്തിമിർപ്പോടെയുള്ള പുതുവർഷ ഒരുക്കങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ പൂർത്തിയായതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. സന്ദർശകരുടെ വൻ തിരക്കു കണക്കിലെടുത്ത് പ്രവേശനം പാസ് മു ഖേനയായിരിക്കും.
പൊതു സന്ദർശന സമയം നാളെ വൈകുന്നേരം മൂന്നുവരെ ആയിരിക്കും. വൈകുന്നേരം ഏഴു മുതൽ രാത്രി 12 വരെ കലാപരിപാടികൾ അരങ്ങേറും. പുതുവര്‍ഷം പുലരുമ്പോൾ വെടിക്കെട്ടിന്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾക്കു സമാപനമാകും. കേരള ടൂറിസം വകുപ്പിനു വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ്) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി).
കരകൗശല പാരമ്പര്യങ്ങൾക്കു പുറമെ, സാഹിത്യ- ചലച്ചിത്ര മേളകൾ, കലാ പ്രദർശനങ്ങൾ, ഡിസൈൻ ശിൽപശാലകൾ, മ്യൂസിക് ഷോകൾ, ഹാക്കത്തോണുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ഒരു ആഗോള സാംസ്കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.