കോഴിക്കോട്: എല്‍ഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കോര്പറേഷന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയമാണ് സിപിഎം അംഗങ്ങളും പിന്തുണച്ച് പാസാക്കിയത്. മാനാഞ്ചിറ- വെള്ളിമാടുക്കുന്ന് റോഡ് വികസനത്തിലെ മെല്ലപ്പോക്കും വെള്ളിമാടുകുന്ന് വരെ റോഡ് നീട്ടുന്നതില്‍ പൊതുമരാമത്ത് വകുപ്പ് തുടരുന്ന അനാസ്ഥക്കുമെതിരേ യുഡിഎഫ് കൗണ്‍സിലര്‍ കെ.സി. ശോഭിതയാണ് പ്രമേയം അവതരിപ്പിച്ചത്. കോര്‍പറേഷനില്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രമേയത്തില്‍ കാര്യമായി ഒരു എതിര്‍പ്പുകളും ഉന്നയിക്കാതെ തന്നെ ഭരണസമിതി പ്രമേയം പാസാക്കുകയായിരുന്നു.
പത്തു വര്‍ഷമായി നീളുന്ന റോഡ് വികസനം നിലവിലും പൂര്‍ത്തീകരിക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടികാട്ടി. മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് വികസനം മലാപറമ്പ് വരെയാക്കി ചുരുക്കിയ നടപടി തിരുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി നേരത്തെ വിഭാവന ചെയ്ത രീതിയില്‍ പൂര്‍ത്തീകരിക്കണമെന്ന് കെ.സി ശോഭിത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 8ന് മലാപറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള 3.3 കിലോമീറ്റര്‍ രണ്ടാംഘട്ടം വികസിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഒസി ലഭ്യമായിട്ടും പ്രവൃത്തിയുടെ ടെന്‍ഡര്‍ വൈകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ശോഭിത ചൂണ്ടികാട്ടി.
ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാണെങ്കില്‍ പോലും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുകയാണെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും മേയര്‍ ഒ.സദാശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ശാസിക്കണമെന്നും സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കെ.എന്‍. ബിജോയിയും വ്യക്തമാക്കി.
Tags : Local News Nattuvishesham Kozhikode