കണ്ണൂർ: റോഡിന് കുറുകെ ചാടിയ കാട്ടുപന്നിയിടിച്ച് സ്കൂട്ടർ മറിഞ്ഞ് വൈദ്യുതിവകുപ്പ് ജീവനക്കാരന് പരിക്കേറ്റു. കെഎസ്ഇബി മയ്യിൽ സെക്ഷനിലെ ലൈൻമാനായ കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി സ്വദേശി എം. പ്രകാശനാണ് (53) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ എട്ടാംമൈലിൽ വച്ചായിരുന്നു സംഭവം.
സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്പോൾ കുറുകെ ചാടിയ പന്നിയെ ഇടിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ പ്രകാശനെ ഉടൻ തന്നെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയ്യിൽ മേഖലകളിൽ രാത്രികാലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും കടുത്ത ഭീതിയിലാണെന്നും നാട്ടുകാർ പരാതിപ്പെട്ടു.
Tags : nattu vishesham KSEB employee injured