അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മുന്നിൽ പോയ പോലീസ് ജീപ്പിലിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട പോലീസ് ജീപ്പ് തൊട്ടു മുന്പിലുണ്ടായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലിടിച്ചു. രണ്ട് ബസുകൾക്കിടയിൽപ്പെട്ട പോലീസ് ജീപ്പ് നിശേഷം തകർന്നു. ജീപ്പിലുണ്ടായിരുന്ന കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിബുരാജിന്റെ കൈ ഒടിഞ്ഞു. ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർക്കും രണ്ട് പ്രതികൾക്കും പരിക്കേറ്റു.
ഇന്നലെ രാത്രി 7.30ന് അടൂർ നാദം തിയേറ്ററിനടുത്തായിരുന്നു അപകടം. കെപി റോഡിലൂടെ വന്ന പുനലൂർ - കായംകുളം ഓർഡിനറി ബസ് (വേണാട്) നിയന്ത്രണംവിട്ട് ഗാന്ധിപാർക്കിനു സമീപം അമിതവേഗത്തിൽ എംസി റോഡിൽ തിരുവനന്തപുരം ഭാഗത്തേക്കു പ്രവേശിക്കുകയും ഡിവൈഡറിൽ തട്ടിയശേഷം മുന്പിൽ പോയ പോലീസ് ജീപ്പിലേക്ക് ഇടിച്ചു. നിയന്ത്രണംവിട്ട ജീപ്പ് മുന്പിൽ പോയ തിരുവനന്തപുരം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലിടിച്ചു.
കോയിപ്രം പോലീസ് സ്റ്റേഷനിലെ ബൊലേറോ ജീപ്പിലാണ് ബസിടിച്ചത്. ജീപ്പ് പൂർണമായും തകർന്നു. ജീപ്പിലുണ്ടായിരുന്ന എഎസ്ഐ ഷിബു രാജിന്റെ കൈയ്ക്ക് ഒടിവുണ്ട്. പോലീസുകാരായ മുഹമ്മദ് റസാഖ് ,സുജിത് എന്നിവരും കൊട്ടാരക്കര സ്റ്റേഷനുമായി ബന്ധപ്പെട്ട ഒരു കേസിലെ രണ്ട് പ്രതികളുമാണ് ജീപ്പിൽ ഷിബു രാജിനൊപ്പമുണ്ടായിരുന്നത് .
ജീപ്പിലുണ്ടായിരുന്ന പോലീസുകാർക്കും പ്രതികൾക്കും നിസാര പരിക്കാണുള്ളത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തേ തുടർന്ന് എംസിറോഡിൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു.