ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ 23ന് നടക്കുന്ന കുംഭഭരണി മഹോത്സവവുമായി ബന്ധപ്പെട്ട് വൻ ജനത്തിരക്കും കെട്ടുകാഴ്ച വരുന്ന റോഡുകളിൽ ട്രാഫിക് ബ്ലോക്കും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആംബുലൻസ്, ഫയർഫോഴ്സ് എന്നിവയുടെ അടിയന്തര സഞ്ചാരത്തിന് പ്രത്യേക സൗകര്യം ഒരുക്കും. ജില്ലാ കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.
ലഹരിവസ്തുക്കളുടെ വിപണനം, ഉപയോഗം, വ്യാജമദ്യം എന്നിവ തടയുന്നതിന് സംയുക്ത സ്ക്വാഡ് രൂപീകരിച്ചു. ഉത്സവ ദിവസം ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
ക്ഷേത്രപരിസരത്തെ ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങളുടെ വില മാവേലിക്കര താലൂക്ക് സപ്ലൈ ഓഫീസർ നിർണയിച്ചു നൽകും. കെട്ടുകാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഉത്സവത്തിനു മുമ്പായി പൂർത്തിയാക്കും. ഉത്സവ സംബന്ധമായ എല്ലാ പരിപാടികളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചു.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കായംകുളം, മാവേലിക്കര ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ കടകളിൽ പരിശോധന നടത്തും. ഭക്ഷണവില്പനശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും താത്കാലിക കടകൾക്ക് ലൈസൻസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് ഉറപ്പാക്കും. വാഹന പാർക്കിംഗ് സ്ഥലം കണ്ടെത്താനും ഗതാഗതനിയന്ത്രണത്തിനുമായി ദേവസ്വവും പോലീസും ചേർന്ന് ക്രമീകരണങ്ങൾ ഒരുക്കും.