കൽപ്പറ്റ: തദ്ദേശ തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കണക്ട് ടു പുതു വയനാട് പദ്ധതി പ്രഖ്യാപിച്ച് എൽഡിഎഫ് ജില്ലാ നേതൃത്വം. ജില്ലയുടെ സമഗ്ര വികസനത്തിനു വിഭാവനം ചെയ്തതാണ് പദ്ധതിയെന്ന് എൽഡിഎഫ് ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അധികാരത്തിൽ വരുന്ന മുറയ്ക്ക് ജില്ലാ പഞ്ചായത്ത് മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു.
കൃഷി, ക്ഷീര വികസനം, പട്ടികജാതി-വർഗ ക്ഷേമം, വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം, ഗതാഗതം, ആരോഗ്യം, തോട്ടം തൊഴിലാളി ക്ഷേമം, യുവജനക്ഷേമം, വന്യമൃഗ പ്രതിരോധം, കലാകായികം, വനിതാക്ഷേമം, കേവല ദാരിദ്യ്രനിർമാർജനം, ലഹരിവിരുദ്ധ പ്രവർത്തനം, വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, കാലാവസ്ഥ വ്യതിയാനം പ്രാദേശികമായി നേരിടൽ, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾ പദ്ധതിയുടെ ഭാഗമായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ,
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, സഹകരണ സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, കോർപറേറ്റുകൾ, പ്രവാസികൾ തുടങ്ങിയവയുടെയും എംപിമാർ, എംഎൽഎമാർ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി നിർവഹണത്തിന് ഫണ്ട് കണ്ടെത്തുകയെന്ന് നേതാക്കൾ പറഞ്ഞു.
Tags : Local News Nattuvishesham Wayanad