കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ കുറുമ സമുദായാംഗത്തെ സ്ഥാനാർഥിയാക്കാൻ കുറുമൻ സംരക്ഷണ സമിതി കോണ്‍ഗ്രസിൽ സമ്മർദം ചെലുത്തും. ഈ ആവശ്യം ഉന്നയിച്ച് കെപിസിസി, ഡിസിസി പ്രസിഡന്റുമാർ, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനർ എന്നിവർക്ക് കത്ത് നൽകുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് വി. കാർവർണൻ, സെക്രട്ടറി എം. രാഘവൻ, ജില്ലാ ഭാരവാഹികളായ ബാബു താഴത്തുവയൽ, ഉണ്ണിക്കൃഷ്ണൻ എടക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബത്തേരി നിയോജകമണ്ഡലത്തിലെ പ്രബല പട്ടികവർഗ വിഭാഗമാണ് കുറുമൻ. പുൽപ്പള്ളി, നെൻമേനി, അന്പലവയൽ, മീനങ്ങാടി, നൂൽപ്പുഴ പഞ്ചായത്തുകളിൽ അനേകം കുറുമ ഉന്നതികളുണ്ട്.
നിയോജകമണ്ഡലത്തിൽ കുറുമ സമുദായത്തിൽപ്പെട്ട 30,000ൽപരം വോട്ടർമാരുണ്ട്. പരന്പരാഗതമായി കോണ്ഗ്രസിനൊപ്പൊം നിൽക്കുന്നവരാണ് ഇവരിൽ അധികവും. എങ്കിലും കേരള നിയമസഭാ ചരിത്രത്തിൽ വി. മധുരയും കെ. രാഘവനും അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ രാധ രാഘവനും മാത്രമാണ് സമുദായത്തിൽനിന്നു എംഎൽഎയായത്.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിൽ മാനന്തവാടിയിൽ നിന്നുള്ള കുറിച്യ സമുദായാംഗം ഐ.സി. ബാലകൃഷ്ണനെയാണ് കോണ്‍ഗ്രസ് ബത്തേരിയിൽ സ്ഥാനാർഥിയാക്കിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ബത്തേരി സീറ്റ് കുറുമൻ സംരക്ഷണ സമിതി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പരിഗണിക്കാമെന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. ഇത് സമുദായ അംഗങ്ങളിൽ കുറച്ചുപേരെങ്കിലും എൽഡിഎഫിലേക്കും ബിജെപിയിലേക്കും നീങ്ങുന്നതിനു കാരണമായി. കുറുമ സമുദായത്തിൽപ്പെട്ട നിരവധി പേർ കോണ്‍ഗ്രസിന്റെ ജില്ലാ, പ്രാദേശിക നേതൃനിരയിൽ സജീവമാണ്.
നിയമസഭയിലേക്കു മത്സരിക്കുന്നതിനു യോഗ്യതുള്ളവരാണ് ഇവരിൽ പലരും. കുറുമ സമുദായത്തിന്റെ ഉന്നമനത്തിന് എംഎൽഎ എന്ന നിലയിൽ ബാലകൃഷ്ണനു എടുത്തുപറയത്തക്ക സംഭാവനകൾ ചെയ്യാൻ കഴിഞ്ഞില്ലെന്നും സമിതി നേതാക്കൾ പറഞ്ഞു.
Tags : Local News Nattuvishesham Wayanad Legislative Assembly Elections