ആലപ്പുഴ: കുഷ്ഠരോഗം കണ്ടെത്തുന്നതിന് 20 വരെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം 7.0 കാമ്പയിന് ജില്ലയിൽ ഇന്നു തുടക്കം. നിലവിൽ 18 പേരാണ് കുഷ്ഠരോഗത്തിനു ചികിത്സയിലുള്ളത്.
ഇതിൽ രോഗം മൂലം ഭാഗികമായി അംഗവൈകല്യമുള്ള മൂന്നു പേരും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ഒരു ആശ പ്രവർത്തകയും പുരുഷ വോളന്റിയറുമടങ്ങുന്ന സംഘം വീടുകളിലെത്തി പ്രാഥമിക ത്വക്ക് പരിശോധന നടത്തും.
1957 ടീമുകളെ ഇതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച സംഘാംഗങ്ങൾ ജില്ലയിലെ 6,08, 769 വീടുകളിൽ രണ്ടാഴ്ചകൊണ്ട് സന്ദർശനം പൂർത്തിയാക്കും. പ്രയാലിംഗഭേദമെന്യേ 24,00,692 വ്യക്തികളെ പരിശോധിക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർക്ക് ആവശ്യമായ തുടർ പരിശോധനയും ചികിത്സയും ആരോഗ്യകേന്ദ്രങ്ങളിൽനിന്നു ലഭ്യമാക്കും. വ്യക്തിഗതവിവരങ്ങൾ തികച്ചും സ്വകാര്യമായി സൂക്ഷിക്കും.
വായുവിലൂടെ
പകരും
വായുവിലൂടെ പകരുന്ന ഒന്നാണ് കുഷ്ഠരോഗം. തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്ന നിറത്തിലുള്ളതോ ആയ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കുക, വേദനയില്ലാത്ത വൃണം, കൈകാലുകളിലെ പെരുപ്പ്, മരവിപ്പ് എന്നിവ കുഷ്ഠരോഗലക്ഷണമാവാം.
എല്ലാ പാടുകളും കുഷ്ഠരോഗം മൂലമാകണമെന്നില്ല. എന്നാൽ, ചില പാടുകൾ, തടിപ്പുകൾ എന്നിവ കുഷ്ഠരോഗം മൂലമാവാം. അതിനാൽ ശരീരത്തിൽ പാടുകളോ, തടിപ്പുകളോ ഉണ്ടോയെന്ന് സ്വന്തമായി പരിശോധിക്കണം. ശരീരത്തിന്റെ പുറം ഭാഗങ്ങളിലുള്ള പാടുകൾ ശ്രദ്ധിക്കപ്പെടാതെപോകാമെന്നതിനാൽ കുടുംബാംഗങ്ങളുടെ സഹായത്തോടെയും പരിശോധിക്കണം. ആരോഗ്യ പ്രവർത്തകർ നടത്തുന്ന ഭവനസന്ദർശന വേളയിൽ അവ കുഷ്ഠരോഗം മൂലമല്ലായെന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തണം.
പൂർണമായും
ഭേദമാക്കാം
ആറു മുതൽ 12 മാസം വരെയുള്ള ചികിത്സയിലൂടെ കുഷ്ഠരോഗം പൂർണമായും ഭേദമാക്കാം. രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുകയെന്നത് രോഗ പകർച്ച തടയുന്നതിൽ ഏറെ പ്രധാനമാണ്. ചികിത്സ ആരംഭിച്ച ആഴ്ചകൾക്കുള്ളിൽതന്നെ മറ്റുളവരിലേക്കു രോഗം പകരുന്നത് തടയാൻ സാധിക്കും. രോഗം മൂലം അംഗവൈകല്യം സംഭവിക്കുന്നതും ഒഴിവാക്കാം. ചികിത്സ തുടങ്ങാത്തവരിൽനിന്നു മാത്രമേ രോഗം പകരുകയുള്ളു.
ചികിത്സ സൗജന്യം
എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും കുഷ്ഠ രോഗത്തിനുള്ള ചികിത്സസൗജന്യമായി ലഭ്യമാണ്. അശ്വമേധം 7.0 ഭവനസന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30 ന് നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹീന്ദ്രൻ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് വി. അനു അധ്യക്ഷത വഹിക്കും.
Tags : Leprosy cure nattuvishasham local news