തദ്ദേശ തെരഞ്ഞെടുപ്പ്: നഗരസഭകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫീസര്‍മാരായി
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ നഗരസഭാതലത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു.
ഹരിത ചട്ടം ജില്ലാതല നോഡല്‍ ഓഫീസറും ശുചിത്വമിഷന് ജില്ലാ കോ- ഓര്‍ഡിനേറ്ററുമായ ജി. വരുണ്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഹരിത ചട്ടപാലനം ഉറപ്പാക്കുന്നതിനാണ് നഗരസഭാ തലത്തില്‍ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്. പാലക്കാട്, ചിറ്റൂര്‍- തത്തമംഗലം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ എന്നീ നഗരസഭകളില്‍ ക്ലീന്‍ സിറ്റി മാനേജര്‍മാരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിശീലന പരിപാടികളിലും ഹരിതചട്ടപാലനം സംബന്ധിച്ച ക്ലാസ്സുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കേണ്ടതും, പരിശീലന പരിപാടികളില്‍ പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ് പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും നോഡല്‍ ഓഫീസര്‍മാരുടെ പ്രധാന ചുമതലകളാണ്. കൂടാതെ, പരിശീലന കേന്ദ്രങ്ങള്‍, ഇവിഎം. കമ്മീഷനിംഗ് കേന്ദ്രങ്ങള്‍, വോട്ട് സ്വീകരണ- വിതരണ പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹരിത പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തേണ്ടതും ഇവരുടെ ഉത്തരവാദിത്തമാണ്.
തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടം:ഹെല്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി
പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പരാതികളില്‍ ഉടന്‍ പരിഹാരം കാണുന്നതിനുമായി ജില്ലാതല മാതൃകാ പെരുമാറ്റച്ചട്ടം ഹെല്പ് ഡെസ്ക് രൂപീകരിച്ച് ഉത്തരവായി. പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ താഴെ നല്കുന്നു: 0491-2950085, 8281 499 634
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് (ഐ ആൻഡ് എ) എം.പി. സബിത.എം.പി. ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥരെയാണ് ഹെല്പ് ഡെസ്ക് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ഹെല്പ് ഡെസ്കിലേക്ക് വരുന്ന എല്ലാ ഫോണ്‍ കോളുകളും പ്രത്യേക രജിസ്റ്ററില്‍ ചേര്‍ക്കുകയും അവയ്ക്ക് യഥാസമയം മറുപടി നല്‍കുകയും ചെയ്യും. ജില്ലാതല മോണിറ്ററിംഗ് സമിതിയുടെയോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ അടിയന്തിരമായി സമിതിയുടെ മുന്‍പാകെ സമര്‍പ്പിക്കും.
സുരക്ഷയ്ക്കു അഞ്ഞൂറോളം പോലീസുകാർ
പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഭാഗമായി സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ. ജില്ലാ പോലീസ് മേധാവി അജിത്കുമാറിന്റെ മേൽനോട്ടത്തിൽ എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കണ്ട്രോൾ റൂമിനൊപ്പം, അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെ ഉത്സവമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി കർശന നിരീക്ഷണങ്ങളും മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പോക്കറ്റടിക്കാരെയും മറ്റ് സാമൂഹ്യവിരുദ്ധരെയും തടയാൻ മഫ്തിയിലുള്ള പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പോലീസിന്റെ സേവനവും ഉണ്ടാകും. ഉത്സവത്തിന്റെ പ്രധാന ഭാഗങ്ങളിൽ ഡ്രോണ്‍ കാമറകൾ ഉപയോഗിച്ച് സാങ്കേതിക നിരീക്ഷണം നടത്തും. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും പ്രത്യേക സേവനം ഉറപ്പാക്കും.