x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​വും സ​ന്തോ​ഷ​വും വി​ള​യും ടോം​സ​ന്‍റെ ​കൃ​ഷി​യി​ടം


Published: February 9, 2026 05:43 AM IST | Updated: February 9, 2026 05:43 AM IST

ടോം​സ​ണ്‍ ത​ന്‍റെ വാ​ഴ​ത്തോട്ട​ത്തി​ൽ.

ഉ​മ്മ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ

കാ​ളി​കാ​വ്: പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സൈ​ല​ന്‍റ്വാ​ലി വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന കി​ഴ​ക്ക​ൻ മ​ല​ക​ളു​ടെ അ​ടി​വാ​ര​ത്ത് പ്ര​കൃ​തി അ​നു​ഗ്ര​ഹി​ച്ച ശാ​ന്ത​സു​ന്ദ​ര കു​ടി​യേ​റ്റ ഗ്രാ​മ​ത്തി​ലാ​ണ് കൃ​ഷി വി​ജ​യ​ത്തി​ന്‍റെ മ​റ്റൊ​രു വി​ജ​യ​ഗാ​ഥ. സ​മ്മി​ശ്ര നാ​ണ്യ​വി​ള കൃ​ഷി രീ​തി​ക​ളി​ലൂ​ടെ വി​ജ​യ​ത്തി​ന്‍റെ പ​ട​വു​ക​ൾ ക​യ​റു​ക​യാ​ണ് അ​ട​ക്കാ​ക്കു​ണ്ടി​ലെ ടോം​സ​ണ്‍ എ​ന്ന ക​ർ​ഷ​ക​ൻ.

മാ​ഞ്ചോ​ല​യി​ലെ​യും പാ​റ​ശേ​രി​യ​ലെ​യു​മെ​ല്ലാം ത​ന്‍റെ സ്വ​ന്തം കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​വി​ധ​ത​രം നാ​ണ്യ​വി​ള കൃ​ഷി​ക​ളു​ടെ​യും ഭ​ക്ഷ്യ​ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ​യും പൂ​ർ​ണ പ​രി​പാ​ല​ന​ത്തി​ൽ സ​ജീ​വ​മാ​ണ് ടോം​സ​ണ്‍. പാ​ട്ട​ത്തി​നെ​ടു​ത്ത നൂ​റേക്ക​റി​ലേ​റെ വ​രു​ന്ന ഭൂ​മി​യി​ൽ നേ​ന്ത്ര​വാ​ഴ കൃ​ഷി​യു​മു​ണ്ട് ഈ ​കു​ടി​യേ​റ്റ ക​ർ​ഷ​ക​ന്.

വി​ജ​യം സ​മ്മി​ശ്ര കൃ​ഷി

റ​ബ​ർ, തെ​ങ്ങ്, ക​മു​ക്, കു​രു​മു​ള​ക്, കാ​പ്പി, ജാ​തി, റ​ന്പൂ​ട്ടാ​ൻ ഉ​ൾ​പ്പ​ടെ ഹ​രി​താ​ഭ​മാ​യ നാ​ണ്യ-​ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഭ​ക്ഷ്യോ​ത്്ന്ന​ങ്ങ​ളാ​യ ഇ​ട​വി​ള​കൃ​ഷി​ക​ളും നി​റ​ഞ്ഞ​താ​ണ് ടോം​സ​ന്‍റെ കൃ​ഷി​യി​ടം. വ​രു​മാ​ന​ത്തി​നൊ​പ്പം ആ​ത്മ​സം​തൃ​പ്തി​യും സ​ന്തോ​ഷ​വും ത​രു​ന്ന കാ​ർ​ഷി​ക ജീ​വി​ത​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ങ്ങ​ളി​ലു​ണ്ട്. പാ​ര​ന്പ​ര്യ അ​റി​വു​ക​ളും നൂ​ത​ന ആ​ശ​യ​ങ്ങ​ളും ഉ​ൾ​ച്ചേ​ർ​ത്താ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​രീ​തി​ക​ൾ.

ന​ടു​ത​ല കൃ​ഷി​യും നേ​ന്ത്ര​വാ​ഴ കൃ​ഷി​യും

മു​ന്പ് ക​പ്പ​യും കാ​ച്ചി​ലും ചേ​ന​യും ചേ​ന്പും കാ​ന്താ​രി​യും പി​ന്നെ ഇ​ഞ്ചി​യും മ​ഞ്ഞ​ളും ഉ​ൾ​പ്പ​ടെ ന​ടു​ത​ല കൃ​ഷി​ക​ളെ​ല്ലാം ഇ​ട​വി​ള​കൃ​ഷി​യാ​യി ചെ​യ്തി​രു​ന്നു പ്ര​ദേ​ശ​ത്തെ മ​റ്റ് ക​ർ​ഷ​ക​രോ​ടൊ​പ്പം ടോം​സ​നും. ഇ​ട​ക്കാ​ല​ത്ത് ഇ​ത്ത​രം ന​ടു​ത​ല കൃ​ഷി​യി​ൽനി​ന്ന് വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും നാ​ണ്യ​വി​ള വ​രു​മാ​ന​ത്തെ മാ​ത്രം ആ​ശ്ര​യി​ച്ചാ​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ടോം​സ​നും കൂ​ട്ട​രും നേ​ന്ത്ര​വാ​ഴ കൃ​ഷി കൂ​ടി ആ​രം​ഭി​ച്ച​ത്. ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ കു​ണ്ടോ​ട എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ദേ​ശ​ത്തും ച​വി​ടി​ക്കു​ഴി​യി​ലു​മാ​യി നാ​ലു വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നാ​ണ് വാ​ഴ​കൃ​ഷി.

വി​ജ​യം ത​രു​ന്ന​ത് ത​ള​രാ​ത്ത മ​ന​സ്

ക​ഴി​ഞ്ഞ വ​ർ​ഷം ടോം​സ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ 2500ൽ​പ്പ​രം നേ​ന്ത്ര​വാ​ഴ​ക​ൾ കു​ല​ച്ചുതു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ കാ​റ്റി​ൽ നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ 5000 വാ​ഴ ഇ​ൻ​ഷ്വ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ന​യാ പൈ​സ പോ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ലെ​ന്ന് ടോം​സ​ണ്‍ പ​റ​ഞ്ഞു.

എ​ന്നാ​ൽ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം നേ​ന്ത്ര​വാ​ഴ​ക​ൾ ടോ​മി​ച്ച​ൻ കൂ​ട്ടു​കാ​ര​നാ​യ വെ​ള്ള​മ്മാ​ക്ക​ൽ ബി​ജു​വി​നൊ​പ്പം ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്. 15 ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​വ​രു​ടെ വാ​ഴ​കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

അ​തി​ജീ​വ​ന​ത്തി​നാ​യി പോ​രാ​ട്ടം

സ​സ്യ​ല​താ​ദി​ക​ൾ നി​റ​ഞ്ഞ് ഇ​ല​പൊ​ഴി​യാ വ​ന​ങ്ങ​ളെ​ന്നോ നി​ഴ​ൽ​വീ​ഴാ കാ​ടു​ക​ളെ​ന്നോ വി​ളി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള നി​ത്യ​ഹ​രി​താ​ഭ​മാ​യി​രു​ന്നു ഒ​രി​ക്ക​ൽ ടോം​സ​ന്‍റേ​ത് പോ​ലെ മേ​ഖ​ല​യി​ലെ മ​റ്റു മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ൾ.

കു​ന്നു​ക​ളി​ൽ ക​ല്ലു​കൊ​ണ്ടും മ​ണ്ണു​കൊ​ണ്ടും ഇ​ട​ക​യ്യാ​ല​ക​ൾ വ​ച്ച് മ​ണ്ണൊ​ലി​പ്പ് ത​ട​ഞ്ഞ്, ന​ഷ്ട​പ്പെ​ടു​ന്ന മ​ര​ങ്ങ​ൾ​ക്ക് പ​ക​രം പു​തു വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് മ​ക്ക​ളെ​പോ​ലെ പ​രി​പാ​ലി​ച്ചു​വ​ന്ന​വ​രാ​ണ് ക​ർ​ഷ​ക​ർ.

എ​ന്നാ​ൽ കാ​ട്ടാ​ന​യും കാ​ട്ടു​പ​ന്നി​യും കു​ര​ങ്ങും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കാ​ൻ പോ​രാ​ടു​ക​യാ​ണ് ഇ​വ​രെ​ല്ലാം. ടോം​സ​ന്‍റെ​യും അ​നു​ഭ​വം മ​റ്റൊ​ന്ന​ല്ല.

ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ന​ര​ഭോ​ജി ക​ടു​വ പി​ടി​കൂ​ടി ഭ​ക്ഷി​ച്ച റ​ബ​ർ​തോ​ട്ടം ടോം​സ​ന്‍റെ പാ​റ​ശേ​രി​യി​ലെ റ​ബ​റും കാ​പ്പി​യും കു​രു​മു​ള​കും കൃ​ഷി ചെ​യ്യു​ന്ന കൃ​ഷി സ്ഥ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു.

കാ​ട്ടാ​ന​യും പ​ന്നി​യും കു​ര​ങ്ങു​മൊ​ക്കെ കൃ​ഷി ന​ശി​പ്പി​ക്കു​ന്പോ​ൾ ക​ടു​വ​യും പു​ലി​യും യ​ഥേ​ഷ്ടം വി​ഹ​രി​ക്കു​ന്ന മേ​ഖ​ല​യി​ൽ ജീ​വ​ഭ​യ​ത്തി​ൽ ക​ഴി​യു​ന്ന നാ​ട്ടു​കാ​ർ ഇ​പ്പോ​ൾ പ​ശു, ആ​ട് ഉ​ൾ​പ്പെ​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്താ​നും ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും ടോം​സ​ണ്‍ പ​റ​യു​ന്നു.

അ​വാ​ർ​ഡ് വേ​ണ്ട, പ​രി​ര​ക്ഷ​യും ക​രു​ത​ലും മ​തി

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽനി​ന്ന് പ​രി​ര​ക്ഷ ന​ൽ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ത​ന്നാ​ൽ മ​ല​യി​റ​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന ഭൂ​മി കൂ​ടി സ​ഹ​ക​ര​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ക്ഷ്യോ​ത്പാ​ദ​ന കാ​ർ​ഷി​ക മേ​ഖ​ല​യാ​ക്കാ​മെ​ന്നാ​ണ് ടോം​സ​നും കൂ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

കൃ​ഷി​ക്കാ​രെ കൊ​ല്ലം​തോ​റും ന​ല്ല ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത് അ​വാ​ർ​ഡ് കൊ​ടു​ക്കു​ന്ന​തി​ന് പ​ക​രം അ​വ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ഴ​ക്കു​ല​ക​ൾ​ക്കും ക​പ്പ​യ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും ന്യാ​യ​വി​ല​യും വ​ന്യ​മൃ​ഗ​ശ്യ​ത്തി​ൽനി​ന്ന് സം​ര​ക്ഷ​ണ​വും ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ധ​ന​സ​ഹാ​യം ന​ൽ​ക​ണം

നാ​ണ്യ​വി​ള​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും സം​ഭ​രി​ച്ച് സം​സ്ക​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​നം മ​ല​യോ​ര ക​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ തു​ട​ങ്ങാ​ൻ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് ടോം​സ​ന്‍റെ അ​ഭി​പ്രാ​യം. വാ​യ്പ​യും മ​റ്റു​മെ​ടു​ത്ത് ചെ​യ്യു​ന്ന കൃ​ഷി ന​ശി​ച്ചാ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും മ​റ്റു ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ട​ൻ ന​ൽ​കി സ​ഹാ​യി​ച്ചാ​ൽ വീ​ണ്ടും പു​തു​കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് സാ​ധി​ക്കും. അ​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗം ക​ർ​ഷ​ക​ന് മു​ന്നി​ലു​ണ്ടാ​കി​ല്ല.

പു​തു​ത​ല​മു​റ കൃ​ഷി​യി​ലേ​ക്ക് വ​രും

സ​ർ​ക്കാ​രും കൃ​ഷി​വ​കു​പ്പും മ​ന​സു​വ​ച്ചാ​ൽ ത​ങ്ങ​ളു​ടെ മ​ക്ക​ളു​ൾ​പ്പെ​ടു​ന്ന ഭാ​വി​ത​ല​മു​റ​ക്കും കാ​ർ​ഷി​കരം​ഗ​ത്തെ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ക​ണ്ടെ​ത്താ​നാ​വു​മെ​ന്നാ​ണ് ടോം​സ​ന്‍റെ പ​ക്ഷം.

കൃ​ഷി​ ലാ​ഭ​ക​ര​മാ​ണെ​ന്ന് പു​തു​ത​ല​മു​റ​യെ ബോ​ധ്യ​പ്പെ​ടു​ത്താ​നും അ​വ​രെക്കൂ​ടി കാ​ർ​ഷി​ക വ​ഴി​ത്താ​ര​യി​ലൂ​ടെ ന​ട​ത്തി​ക്കാ​നും ക​ഴി​യ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ന​ല്ല നി​ല​യി​ൽ പ​രി​ഗ​ണി​ക്കണമെ​ന്നാ​ണ് ടോ​മി​ച്ച​ൻ പ​റ​യു​ന്ന​ത്.

രാ​പ​ക​ലി​ല്ലാ​തെ ക​ഠി​നാ​നാധ്വാ​നം ചെ​യ്ത് മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​ർ​ക്കാ​രു​ക​ളു​ടെ ക​രു​ത​ൽ വേ​ണ്ട​തെ​ന്നാ​ണ് ടോം​സ​ന്‍റെ നി​ല​പാ​ട്.

Tags : Local News Nattuvishesham Malappuram

Recent News

Up