മുഹമ്മദ് താഹ
തളിപ്പറമ്പ്: ബസ്സ്റ്റാൻഡ് പരിസരത്ത് പരിചയപ്പെട്ട വയോധികനെ കബളിപ്പിച്ച് അരപ്പവൻ മോതിരം തട്ടിയെടുത്ത സംഭവത്തിലെ പ്രതി അറസ്റ്റിൽ. വളപട്ടണം സ്വദേശിയും കോഴിക്കോട് മാങ്കാവ് താമസക്കാരനുമായ മുഹമ്മദ് താഹയെയാണ് (50) കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ വച്ച് ബുധനാഴ്ച രാത്രി 11 ഓടെ സിഐ ബാബുമോന്റെ നേതൃത്വത്തിൽ തളിപ്പറന്പ് എസ്ഐ ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്.
പയ്യാവൂർ കാട്ടിക്കണ്ടം വായനശാലക്ക് സമീപത്തെ എഴുപത്തിനാലുകാരനെയായിരുന്നു പ്രതി കബളിപ്പിച്ച് മോതിരവുമായി മുങ്ങിയത്.
ഇക്കഴിഞ്ഞ ജനുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യാവൂർ ബസ് സ്റ്റാൻഡിനു സമീപത്തെ കടയക്കു മുന്നിൽ നിന്ന് നാരായണനെ പരിചയപ്പെട്ട പ്രതി തളിപ്പറന്പിലേക്ക് യാത്രയ്ക്ക് ക്ഷണിക്കുകയായിരുന്നു. ബസ് യാത്രയ്ക്കിടെ നാരായണന്റെ കൈയിലെ മോതിരം നോക്കി ഇതു പോലൊന്ന് തനിക്കും പണിയണമെന്ന് പറഞ്ഞ് ഊരി വാങ്ങി നോക്കിയ ശേഷം തിരിച്ചു കൊടുത്തു.
ഇരുവരും തളിപ്പറന്പിലെത്തിയപ്പോൾ മോതിരം പണിയാൻ തട്ടാനെ കാണിക്കണമെന്ന് പറഞ്ഞ് നാരായണനിൽ നിന്നും മോതിരം വാങ്ങിയ ശേഷം മുങ്ങുകയായിരുന്നു. വയോധികരെ പരിചയപ്പെട്ട് സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ ജയ്മോൻ, എ എസ്ഐ ഷിജോ അഗസ്റ്റിന്, പോലീസുകാരായ ബിജേഷ്, സുജേഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags : Man arrested nattuvishesham local news