വിഷ്ണു
ചെങ്ങന്നൂർ: ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് യാത്രക്കാരുടെ ബാഗുകൾ തന്ത്രപരമായി മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബോസ് ജിത്തു എന്ന വിഷ്ണു (22) പിടിയിൽ. ചെങ്ങന്നൂരിനടുത്ത് കുളനടയിലാണ് ആർപിഎഫ് തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് പ്രതിയെ സാഹസികമായി പിടികൂടിയത്.
മാസം നാലിന് ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിൽ അമൃത എക്സ്പ്രസിൽ നടന്ന മോഷണത്തെക്കുറിച്ച് അന്വേഷിച്ചുവരികയായിരുന്നു ആർപിഎഫ് സംഘം. പ്രതിയിൽനിന്നും ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് കണ്ടെടുത്തത്. ഒൻപത് പവൻ സ്വർണഭരണങ്ങൾ, ഒരു ലാപ്ടോപ്പ്, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവയാണ് കണ്ടെടുത്തത്.
രാത്രികാലങ്ങളിൽ ട്രെയിനുകളിൽനിന്നും സ്റ്റേഷനുകളിൽനിന്നും മാസ്ക് ധരിച്ചെത്തി ബാഗുകൾ മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവ്. ബാഗിലെ വിലപിടിപ്പുള്ള സാധനങ്ങൾ എടുത്തശേഷം ബാഗ് ഉപേക്ഷിക്കും.
മോഷ്ടിക്കുന്ന സാധനങ്ങൾ ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കും. പകൽ സമയങ്ങളിൽ ആൾതാമസമില്ലാത്ത വീടുകൾ കണ്ടെത്തി അവിടെ ഒളിച്ചിരിക്കും. രാത്രിയിൽ മോഷണത്തിനായി പുറത്തിറങ്ങും.
മദ്യത്തിനും രാസലഹരിക്കും അടിമയായ പ്രതി, മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. ഇയാൾക്ക് കുടുംബവുമായി യാതൊരു ബന്ധവുമില്ല.
കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്. ആർപിഎഫ് ഡിവിഷണൽ കമ്മീഷണർമാരായ മുഹമ്മദ് ഹനീഫ, നവീൺ പ്രശാന്ത് എന്നിവരുടെ നിർദേശപ്രകാരം തിരുവനന്തപുരം ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ. ജിപിൻ, ജിപിആർഎസ്ഐ കെ.ജെ. പ്രവീൺ, സബ് ഇൻസ്പെക്ടർമാരായ പ്രെയ്സ് മാത്യു ദീപക്, ഫിലിപ്സ് ജോൺ, ജ്ഞാനാനന്ദ്, ഹെഡ് കോൺസ്റ്റബിൾമാരായ എസ്.വി. ജോസ്, ജി. വിപിൻ, സവിൻ, ബാബു, പ്രവീൺ, ശ്രീഹരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags : Man arrested nattuvishesham local news