തകർന്ന മംഗലംഡാം വലതുകരകനാൽ പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥിന്റെ നേതൃത്വത്തിൽ അധികൃതർ പരിശോധന നടത്തുന്നു.
മംഗലംഡാം: മംഗലംഡാം റിസർവോയറിൽ നിന്നുള്ള വലതുകര കനാൽ തകർന്നു. ഇതേ തുടർന്ന് കൃഷിക്കുള്ള ജലവിതരണം തടസപ്പെട്ടു. ഡാമിൽനിന്നുള്ള മെയിൻ കനാലിൽനിന്നും വലതുകര കനാൽ തുടങ്ങുന്ന ഭാഗത്താണ് 14 അടിയോളം താഴ്ചയിലേക്കു കനാൽ ഇടിഞ്ഞുതാഴ്ന്ന് കിണർപോലെയായത്.
കനാൽ ലീക്ക് ചെയ്ത് പുഴയോരത്തായുള്ള ഭാഗത്തെ മണ്ണ് ഒലിച്ചുപോയി അടിയിലെ ബലം നഷ്ടപ്പെട്ടതോടെയാണ് കോൺക്രീറ്റ് ചെയ്ത കനാൽ താഴേക്ക് പോയത്.
കനാലിന്റെ വാലറ്റ പ്രദേശങ്ങളിലേക്ക് വെള്ളം എത്തുന്നില്ല എന്ന പരാതിയിൽ കഴിഞ്ഞ ദിവസങ്ങളിലായി വലിയ തോതിൽ ഡാമിൽ നിന്നും വെള്ളം തുറന്നിരുന്നു. പുഴയിലെ വെള്ളം കലങ്ങി ഒഴുകുന്നതു കണ്ട നാട്ടുകാർ നടത്തിയ പരിശോധനയിലാണ് കനാൽ തകർന്നതായി കണ്ട് ഇറിഗേഷൻ അധികാരികളെ വിവരം അറിയിച്ചത്. കനാൽ അടിയന്തിരമായി റിപ്പയർ ചെയ്യാതെ വലതുകര കനാലിലേക്കു വെള്ളം വിടാൻ കഴിയില്ല.
വണ്ടാഴി വഴി അണക്കപ്പാറ, കാവശേരിയിലെത്തി 23 കിലോമീറ്റർ വരെ എത്തുന്നതാണ് വലതുകര കനാൽ. രണ്ടാം വിള നടീൽ കഴിഞ്ഞ് കൃഷിക്ക് വെള്ളം ആവശ്യമായ സമയത്താണ് കനാൽ തകർച്ച സംഭവിച്ചിട്ടുള്ളത്.
ഇറിഗേഷൻ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി റിപ്പയർ പണികൾ ഉടൻ ആരംഭിക്കന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, മെംബർ ഡിനോയ് കോമ്പാറ, പിഎസി മെംബർ ടി. ഗോപിനാഥ്, എക്സിക്യുട്ടീവ് എൻജിനീയർ സുമൻ ചന്ദ്രൻ , എഎക്സ്ഇ ടി.പി. ശുഭ, മംഗലംഡാം എഇ ടി. ഗോകുൽ, വടക്കഞ്ചേരി എഇ മൻസൂർ അലി എന്നിവർ സ്ഥലത്തെത്തി.
അടിയന്തിരമായി കനാൽ റിപ്പയർ ചെയ്ത് ജല വിതരണം പുനരാരംഭിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, മെംബർ ഡിനോയ് കോമ്പാറ, ടി.ഗോപിനാഥ് എന്നിവർ ആവശ്യപ്പെട്ടു.