ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ഥം രൂപീകരിച്ച ഫൗണ്ടേഷന് (എജെപിഎഫ്) ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് കുരിശുംമൂട് മീഡിയ വില്ലേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഫൗണ്ടേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഡോ. സിറിയക് തോമസ്, ഡോ.ജാന്‍സി ജയിംസ്, പ്രഫ. മുരളി വല്ലഭന്, ഡോ.പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും.
15 അംഗ ട്രസ്റ്റ്
15 അംഗ ട്രസ്റ്റിന്റെ പേട്രൺ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലാണ്. ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മാനേജിംഗ് ട്രസ്റ്റിയും റവ.ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില് വൈസ് ചെയര്‍മാനും ഡോ.പി.ജെ. തോമസ് സെക്രട്ടറിയും ഏബ്രഹാം ജോര്‍ജ് പറമ്പില്‍ ട്രഷററുമാണ്. ഫാ. ജയിംസ് കുന്നത്താണു ജോയിന്റ് സെക്രട്ടറി. ഫൗണ്ടേഷന്റെ ആസ്ഥാനം ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിലാണ്.
ഫൗണ്ടേഷന്റെ
കര്‍മ പദ്ധതികള്‍
മാര്‍ ജോസഫ് പവ്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ആശയങ്ങളും സംബന്ധിച്ച ഗവേഷണം, പഠനം, പ്രസിദ്ധീകരണം എന്നിവയുടെ പ്രോത്സാഹനം, വിദ്യാഭ്യാസം, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കല്‍, സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കു സ്കോളര്‍ഷിപ്പ് നല്‍കുക, സീറോമലബാര്‍ സഭയുടെ ആരാധനാക്രമവും പാരമ്പര്യവും ദൈവശാസ്ത്രവും, ദളിത് ക്രൈസ്തവരുടെ നിഷേധിക്കപ്പെടുന്ന നീതി, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുക, ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ, തെഴില്‍ പ്രോത്സാഹനം തുടങ്ങിയവയാണു ഫൗണ്ടേഷന്റെ മുഖ്യ കര്‍മപദ്ധതികള്‍.
മാര്‍ പവ്വത്തിലിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും
പുതുതലമുറയ്ക്ക് കൈമാറുക ലക്ഷ്യം
കേരളത്തിന്റെ ആത്മീയ-സാമൂഹിക-മതാന്തര രംഗങ്ങളില്‍ ഉന്നതമായ സ്വാധീനം ചെലുത്തിയ മാര്‍ ജോസഫ് പവ്വത്തിലിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും നിലനിര്‍ത്തുകയും പുതുതലമുറയ്ക്ക് കൈമാറുകയുമാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.
മാർ പവ്വത്തിൽ ഇടപെട്ട വൈജ്ഞാനിക മേഖലകളും നിരന്തര പോരാട്ടം നടത്തിയ ന്യൂനപക്ഷാവകാശ-പൊതുവിദ്യാഭ്യാസ തലങ്ങളും സഭാപാരമ്പര്യത്തിന്റെ തനിമ കാത്തുസൂക്ഷിച്ച ആരാധനക്രമ-ദൈവശാസ്ത്ര പ്രബോധനങ്ങളും ആഴത്തില്‍ പഠനവിഷയമാക്കുകയും അവ സമൂഹത്തിന് സംലഭ്യമാക്കുകയും ചെയ്യുന്ന വേദിയാകും ഫൗണ്ടേഷന്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍
(പേട്രൺ, മാര്‍ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്)
മാര്‍ പവ്വത്തിലിന്റെ സാമൂഹ്യഘടനയിലെ സ്വാധീനം
ഗവേഷണവിഷയമാക്കും
കേരളത്തിന്റെ സാമൂഹ്യഘടനയില്‍ വലിയ സ്വാധീനം ചെലുത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സാമൂഹിക, വിദ്യാഭ്യാസ, മതാന്തര സംവാദ, മാധ്യമപഠന സാധ്യതകളുടെയെല്ലാം ആഴമായ പഠനത്തിന് ഫൗണ്ടേഷന് വേദിയാകും. അദ്ദേഹത്തിന്റെ എണ്ണമറ്റ ഗ്രന്ഥങ്ങളെക്കുറിച്ചും ആരാധനക്രമ പൈതൃകങ്ങളും ഉള്‍പ്പെടെ അദ്ദേഹം ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തിയ നിലപാടുകളും വ്യാഖ്യാനങ്ങളും ചര്‍ച്ച ചെയ്യും. മതാന്തര സൗഹൃദങ്ങളെ സജീവമാക്കാനും ഫൗണ്ടേഷന് ശ്രദ്ധിക്കും.
ഡോ.സിറിയക് തോമസ്
(മാനേജിംഗ് ട്രസ്റ്റി, മാര്‍ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്)