കുമരകം: വർഷങ്ങളായി അമരപ്പങ്കായം പിടിച്ച് വിജയകിരീടത്തിലേക്ക് പല കളിവള്ളങ്ങളെയും നയിച്ച ബിൻസിയുടെ ജീവൻ നിയന്ത്രിക്കാൻ കുട്ടനാട്ടിലെ അമരക്കാർ. കളിവള്ളങ്ങളുടെ ദിശ തെറ്റാതെ കാക്കുന്ന അമരപ്പങ്കായക്കാർ ബിൻസിമോന്റെ പുതുജീവിതത്തിനായിട്ടാണ് ഒത്തൊരുമിച്ചത്.
നെഹ്റു ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് തുടങ്ങിയ ജലമേളകളിൽ അമരപ്പങ്കായത്തിൽ മികച്ച അമരക്കാരിൽ ഒരാളാണ് കുമരകം മങ്കുഴി പുതുചിറവീട്ടിൽ ബിൻസിമോൻ. ഇക്കഴിഞ്ഞ നെഹ്റു ട്രോഫി - സിബിഎൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച തെക്കേക്കര ബോട്ട് ക്ലബ്ബിന്റെയും ചെറുതന ചുണ്ടന്റെയും മൂന്നാം പങ്കായക്കാരനായിരുന്നു ബിൻസിമോൻ.
എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി ബിൻസിമോന്റെ ജീവിതം ദുരിതത്തിലാണ്. ഓട്ടോ ഡ്രൈവർ കൂടിയായ ബിൻസിമോൻ കിഡ്നി രോഗം പിടിപെട്ടു കിടപ്പിലായി. ഒരു കിഡ്നി പൂർണമായി തകരാറിലാകുകയും രണ്ടാമത്തേതിൽ രോഗബാധയുണ്ടാകുകയും ചെയ്തതോടെ ഭീമമായ ചികിത്സാച്ചെലവ് താങ്ങാനാവാതെ കുടുംബം ബുദ്ധിമുട്ടിലായി. ഈ സാഹചര്യത്തിലാണ്, തങ്ങളിലൊരുവനുവേണ്ടി ചുണ്ടൻ വള്ളങ്ങളിലെ അമരക്കാർ മുന്നിട്ടിറങ്ങിയത്.
വള്ളംകളിയിൽ വ്യത്യസ്ത വള്ളങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തവർ ബിൻസിമോനായി ഒരുമിച്ച് തുഴയെറിഞ്ഞു. ‘അമരം’ എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതുവഴി സമാഹരിച്ച തുക ബിൻസിമോന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു.
Tags : nattu vishesham Medical assistance