അമ്പലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സിപിഎം പ്രവർത്തകനെ ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കി. അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം മിഥുനെതിരേയാണ് പാർട്ടി നടപടിയെടുത്തത്. ഏതാനും നാൾ മുൻപ് ജി. സുധാകരനെ അധിക്ഷേപിച്ച് അമ്പലപ്പുഴ ദേവസ്വം ജീവനക്കാരൻ കൂടിയായ മിഥുൻ സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയിരുന്നു.
തുടർന്ന് ജി. സുധാകരൻ അമ്പലപ്പുഴ പോലീസിലും ദേവസ്വം മന്ത്രി, ദേവസ്വം പ്രസിഡന്റ് എന്നിവർക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രജിത്ത് കാരിക്കലിന്റെ പരാജയത്തിനു പിന്നിൽ സിപിഎം അമ്പലപ്പുഴ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണെന്ന് കാട്ടി സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയിരുന്നു.
തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഏരിയാ കമ്മിറ്റിക്കും പരാതി നൽകി. ഈ പരാതികൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കൂടിയ ലോക്കൽ കമ്മിറ്റിയാണ് മിഥുനെ പുറത്താക്കിയത്.