കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വേഞ്ചേരിയില്‍ 2001ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൈതപ്പൊയില്‍ എംഇഎസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷ നിറവില്‍. മുന്‍ കേന്ദ്രമന്ത്രി എ.എ. റഹീമിന്റെ ഭാര്യയുടെ നാമധേയത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
26 ഡിവിഷനുകളിലായി 880 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ കലാലയം കോടഞ്ചേരി, പുതുപ്പാടി, താമരശേരി, കട്ടിപ്പാറ പഞ്ചായത്തുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുന്നു. 47 അധ്യാപകരും, 21 അനധ്യാപകരും ഉള്‍പ്പെടെ 68 ജീവനക്കാര്‍ ജോലി ചെയ്തു വരുന്നു. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഡോ.പി.എ. ഫസല്‍ ഗഫൂറിന്റെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറി, മാനേജര്‍ എന്നീ നിലയില്‍ 25 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന കെഎംഡി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സില്‍വര്‍ ജൂബിലി ആഘോഷം 27ന് വൈകുന്നേരം മൂന്നിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി നിര്‍വഹിക്കും.
പുതുതായി നിര്‍മ്മിക്കുന്ന മോണ്ടിസോറി ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും എംപി നിര്‍വഹിക്കും. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിജു താന്നിക്കാക്കുഴി, എംഇഎസ് സംസ്ഥാന സെക്രട്ടറിമാരായ വി.പി. അബ്ദുറഹ്മാന്, ഡോ. റഹീം ഫസല്‍, എംഇഎസ് ഫൈനാന്‍സ് കമ്മിറ്റി ചെയര്മാന് സി.ടി. സക്കീര്‍ ഹുസൈന്, എംഇഎസ് ജില്ലാ പ്രസിഡന്റ് കെ.വി. സലീം തുടങ്ങിയവര്‍ പങ്കെടുക്കും.
Tags : nattu vishesham MES Fatima Rahim