കണ്ണൂർ: സഹകരണ ബാങ്കിൽ പണയത്തിലുള്ള സ്വർണം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടംഗസംഘം 6.75 ലക്ഷം രൂപ തട്ടിയെടുത്തു. ഇരിക്കൂർ സ്വദേശി ഹബീബ് റഹിം പള്ളിപ്പാത്തിനാണ് പണം നഷ്ടപ്പെട്ടത്. കൊളച്ചേരി മുക്കിലെ മുല്ലക്കൊടി സഹകരണ ബാങ്കിന് സമീപം വച്ചായിരുന്ന തട്ടിപ്പ് സംഘം ഹബീബ് റഹീമിനെ സമീപിച്ചത്.
ബാങ്കിന്റെ മുഖ്യശാഖയിലുള്ള പണയ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് വിശ്വസിപ്പിക്കുകയും ഇതിനായി 6.75 ലക്ഷം കൈപ്പറ്റുകയും ബാക്കി തുക ഇവർ ബാങ്കിന് നല്കാമെന്ന് പറഞ്ഞിനുശേഷം പണമോ സ്വർണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് ഹബീബ് റഹിം മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പണം കൈപ്പറ്റിയ ശേഷം രണ്ടുപേരും സ്കൂട്ടറിൽ കടന്നു കളഞ്ഞെന്നും പറയുന്നു. തിങ്കളാഴ്ച രാവിലെ ഇരിക്കൂർ സ്വദേശിയുടെ വാഹനത്തിൽ വച്ചാണ് പണം കൈമാറിയത്. പണം കൈപ്പറ്റിയ ശേഷം ബാങ്കിലേക്ക് വരികയാണെന്ന് പറഞ്ഞ് ഹബീബ് റഹീമിനെ ബാങ്കിലേക്ക് പറഞ്ഞയയ്ക്കുകയും പ്രതികൾ കടന്നു കളയുകയുമായിരുന്നു. ഹബീബ് ഇവരെ അന്വേഷിച്ച് ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.