പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാസ്ഥാപനം മന്ത്രി കെ. രാജൻ ഓണ്‍ലൈനായി നിർവഹിക്കുന്നു.
പള്ളിക്കൽ: സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ പള്ളിക്കൽ വില്ലേജ് ഓഫീസും ഇടംപിടിക്കുന്നു. വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കൽ വില്ലേജ് ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓണ്‍ലൈനായി നിർവഹിച്ചു.
നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന നാല് സെന്റ് സ്ഥലത്താണ് 50 ലക്ഷം രൂപ ചെലവിൽ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉയരുന്നത്. വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നതോടെ പൊതുജനങ്ങൾക്ക് വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാകും.
വില്ലേജ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ പി. അബ്ദുൾ ഹമീദ് എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ വി.ആർ. വിനോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സാബിറ, വൈസ് പ്രസിഡന്റ് കെ.പി. സക്കീർ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. മുസ്തഫ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.പി. അബ്ദുൾ ഷുക്കൂർ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags : Local News Nattuvishesham Malappuram