കോഴിക്കോട്: വലിയങ്ങാടിയിലെ കോര്പറേഷന് കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്ന് വീണു മൂന്ന് ചുമട്ടു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ കോര്പറേഷന് അധികൃതര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എം.കെ. രാഘവന് എംപി ആവശ്യപ്പെട്ടു.
അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റപണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ ശ്രമിക്കാതെ ജനങ്ങളുടെ ജീവന് പന്താടുകയായിരുന്നു കോർപറേഷൻ. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നത്.
കനത്ത കാറ്റിലോ മഴയിലോ അല്ല കെട്ടിട ഭാഗം തകര്‍ന്നു വീണത്. ലോഡ് ഇറക്കി വിശ്രമിക്കുകയായിരുന്ന ഏഴു തൊഴിലാളികള്‍ക്കു മുകളിലേക്കാണ് അറുപതോളം വര്‍ഷം പഴക്കമുള്ള കോര്‍പറേഷന്റെ സ്വന്തം കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണതെന്നത് ഗൗരവതരമാണ്. കോര്‍പറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ ഇരകളായി മരണത്തിന് കീഴടങ്ങിയവര്‍ക്ക് 25 ലക്ഷം രൂപ അടിയന്തര സഹായം നല്‍കണം. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറാവണം. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും, അപകടം ഉണ്ടായ ഉടനെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ വലിയങ്ങാടിയിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നുവെന്നും എംപി പറഞ്ഞു.
നഗരത്തില്‍ കെട്ടിട തകര്‍ച്ചയോ തീപിടുത്തമോ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് അടിയന്തരമായെത്താൻ ഫയര്‍ഫോഴ്സ് സംവിധാനം പോലും നഗരഹൃദയത്തിലില്ലെന്നത് ദൗർഭാഗ്യകരമാണെന്നും, സർക്കാരിന് മുൻപാകെ നിരവധി തവണ ആവശ്യമുന്നയിച്ചിട്ടും ഗൗനിക്കാത്തത് ജനങ്ങളുടെ സുരക്ഷക്ക് പരിഗണന നൽകാത്തതിന് തുല്യമാണെന്നും എംപി വ്യക്തമാക്കി.
‘കോർപറേഷൻ അധികൃതര്‍ക്കെതിരേ നരഹത്യക്ക് കേസെടുക്കണം'
കോഴിക്കോട്: വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നു വീണ് 4 തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കോര്പറേഷന് അധികൃതര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്. അറുപതോളം വര്‍ഷം പഴക്കമുള്ള കോര്‍പറേഷന്റെ സ്വന്തം കെട്ടിടമാണ്, ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലേക്ക് തകര്‍ന്നു വീണത്. കാലപ്പഴക്കം വന്ന കെട്ടിടം അറ്റകുറ്റപണി നടത്തി ബലപ്പെടുത്താനോ പൊളിച്ചു നീക്കാനോ കോര്പറേഷന് ശ്രമിച്ചില്ല.
സമാനമായി ഒട്ടേറെ കെട്ടിടങ്ങളാണ് നഗരത്തില്‍ ദുരന്തമുഖത്തുളളത്. കോര്പറേഷന് മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ തീപിടുത്തമുണ്ടായ സമയത്ത് ആ ഭാഗത്തെ കെട്ടിടങ്ങളുടെ സുരക്ഷ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ കെട്ടടങ്ങള്ക്കെതിരെ നടപടിയെടുക്കാനോ അനധികൃത നിര്‍മ്മാണം തയാനോ ശ്രമിക്കാതെ എല്ലാം അഴിമതിക്കുളള പഴുതാക്കുകയാണ് കോര്‍പറേഷനും സിപിഎമ്മും. കോടികളുടെ അഴിമതി നടന്ന അനധികൃത കെട്ടിട നമ്പര്‍ കേസില്‍ പോലും മെല്ലെപ്പോക്കുണ്ടാകുന്നതും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതും കോര്‍പറേഷന്റെ ഇക്കാര്യത്തിലുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്നും എം.എ. റസാഖ് പറഞ്ഞു.
കോഴിക്കോട്: പൊളിച്ചു നീക്കേണ്ട കെട്ടിടം അതേ നിലയില്‍ തുടരാന്‍ അനുവദിച്ചതും പുതിയ കച്ചവടക്കാര്‍ക്ക് ലൈസന്‍സ് അനുവദിച്ചതും കോര്‍പറേഷന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. വലിയങ്ങാടിയില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് അനധികൃത കെട്ടിട നമ്പര്‍ മുതല്‍ ഫിറ്റനസ് ഇല്ലാത്ത കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങളാണ് എല്‍ഡിഎഫ് ഭരണസമിതി നടത്തിയത്. ഈ വിഷയം നേരത്തെ കോണ്‍ഗ്രസ് ചൂണ്ടികാട്ടിയതാണ്. ഒഴിയാന്‍ നോട്ടീസ് നല്കിയ കെട്ടിടത്തില്‍ പുതിയ കച്ചവടം ആരംഭിച്ചത് എങ്ങനെയെന്ന് അധികൃതര്‍ വ്യക്തമാക്കണം. സാമ്പത്തിക താല്പര്യം നോക്കി പാവങ്ങളുടെ ജീവന് വച്ച് പന്താടരുത്. മരിച്ച കുടുംബങ്ങള്‍ക്ക് കോര്പറേഷന് നഷ്ടപരിഹാരം നല്‍കണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ജയന്ത്, കൗണ്‍സിലര്‍ സി.പി സലിം തുടങ്ങിയവരും ഡിസിസി പ്രസിഡന്റിന്റെ ഒപ്പമുണ്ടായിരുന്നു.
കോഴിക്കോട്: വലിയങ്ങാടി ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്ന് ആര്‍ജെഡി സംസ്ഥാന ട്രഷറര്‍ എന്‍.സി. മോയിന്‍കുട്ടി ആവശ്യപ്പെട്ടു. മരണപ്പെട്ട നാല് തൊഴിലാളികളും കുടുംബനാഥന്മാരാണ്. കോര്‍പറേഷനും സര്‍ക്കാരും കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം. ഓരോ കുടുംബത്തിലെയും ഒരു അംഗത്തിന് കോര്‍പറേഷനില്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : nattu vishesham risking people's lives