തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തിലെ തേങ്കോടം, മണ്ണൂക്കാട്, കുഴിമറ്റം പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരേ മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിന് വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
65 വര്‍ഷംമുമ്പ് ഈ പ്രദേശങ്ങളില്‍ വന്യമൃഗശല്യം ഉണ്ടായിരുന്നതായും എന്നാല്‍ സമീപനാളിലാണ് കാട്ടാന ഉള്‍പ്പെടെയുള്ളവയുടെ ശല്യം വര്‍ധിച്ചതെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
രാത്രി സമയങ്ങളില്‍ ഭയംകൂടാതെ പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഏതുസമയത്തും വീട്ടിലേക്ക് കാട്ടാന എത്തുമെന്ന ഭയപ്പാടിലാണ് ആളുകള്കഴിയുന്നത്. കഴിഞ്ഞ ദിവസം വീടിന് 15 മീറ്റര്‍ അകലെ കാട്ടാനയെത്തിയിരുന്നു. കുരങ്ങ്, മലയണ്ണാന്, കാട്ടുപന്നി തുടങ്ങിയവയുടെ ശല്യവും വര്‍ധിച്ചുവരികയാണ്. കൃഷിയും വിളകളും നശിപ്പിക്കുന്നതു പതവായിരിക്കുകയാണ്. വന്യമൃഗശല്യംമൂലം കൃഷിയുപേക്ഷിച്ച് പോകേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
തൊമ്മന്‍കുത്തില്‍നിന്നും കച്ചിറമൂഴിയില്നിന്നും തൊമ്മന്‍കുത്ത് ചപ്പാത്ത് ഭാഗത്തേക്ക് പുഴകടന്നാണ് കാട്ടാനകളെത്തുന്നത്. നേരത്തേ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഫയര്‍ലൈന്‍ തെളിച്ചിരുന്നു. എന്നാല്‍ ഇതിനും വനംവകുപ്പ് തയാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം മുളപ്പുറം-തൊമ്മന്‍കുത്ത് റോഡിന്റെ ഇരുവശവും കാടുംപടലും വളര്‍ന്നുനില്‍ക്കുകയാണ്. ഇത് അപകട ഭീഷണി സൃഷ്ടിക്കുന്നു. തൊമ്മന്‍കുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നൂറുകണക്കിനാളുകളാണ് എത്തുന്നത്. റോഡിന് ഇരുവശവും കാടുംപടലും വളര്‍ന്നുനില്‍ക്കുന്നതിനാല്‍ പെരുമ്പാമ്പിന്റെ ശല്യവും മേഖലയിലുണ്ട്. രാത്രി സമയങ്ങളില്‍ ഇതുവഴി സഞ്ചരിക്കാനാകാത്ത സാഹചര്യമാണുള്ളത്.
നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് സമീപനാളില്‍ 136 കോടി ചെലവഴിച്ച് പുനര്‍നിര്‍മിച്ചിരുന്നു. എന്നാല്‍ റോഡിലെ വളവുകളുള്ള പ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് വീതിയില്ലാത്ത സാഹചര്യമാണ്. ഒരുതൂമ്പ മണ്ണുപോലും നീക്കാന്‍ വനംവകുപ്പ് സമ്മതിക്കാത്തതാണ് ഇതിനു കാരണമെന്നും പറയപ്പെടുന്നു.
പോരാട്ടം അതിജീവനത്തിനായി
കാട്ടാനകള്‍ കൃഷിസ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ആര്‍ആര്‍ടിയുടെ സ്ഥിരം നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുക, മുളപ്പുറം ഫോറസ്റ്റ് സ്റ്റേഷന് മുതല്‍ തൊമ്മന്‍കുത്ത് ചപ്പാത്ത് വരെ റോഡില്‍ പൂര്‍ണമായി വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് കെഎസ്ടിപിക്ക് അനുമതി നല്‍കുക, റോഡിന് ഇരുവശവുമുളള പ്ലാന്റേഷനിലെ അടിക്കാടുകള്‍ വര്‍ഷത്തില്‍ നാലു തവണയെങ്കിലും വെട്ടിമാറ്റുന്നതിന് പ്രദേശവാസികള്‍ക്ക് അനുമതി നല്‍കുക,
കൃഷിയിടത്തിനു ചുറ്റുമുള്ളതും വീട്ടിലേക്കു പോകുന്ന വഴികളിലെയും അടിക്കാടുകള്‍ വെട്ടിനീക്കുന്നതിനു പ്രദേശവാസികളെ അനുവദിക്കുക, മുളപ്പുറം ഫോറസ്റ്റ് സ്റ്റേഷന് മുതല്‍ തൊമ്മന്‍കുത്ത് ചപ്പാത്ത് വരെ പ്ലാന്റേഷനുളളില് ബിഎംബിസി നിലവാരത്തില്‍ റോഡ് ടാറിംഗ് നടത്തിയപ്പോള്‍ ടാറിംഗ് ഉയര്‍ന്നു നില്ക്കുന്നതിനാല് വീതി കുറയുകയും ഇരുവശവും താഴ്ച കൂടുകയും ചെയ്ത റോഡിന്റെ ഇരുവശത്തും മണ്ണുകൊണ്ടുള്ള ഷോള്‍ഡര്‍ നിര്‍മിക്കുന്നതിന് അനുവദിക്കുക, പ്ലാന്റേഷനുള്ളിലെ റോഡിന്റെ വളവുകളിലെ കാഴ്ച മറയ്ക്കുന്ന മണ്‍തിട്ടകള്‍ നീക്കം ചെയ്യുന്നതിന് പ്രദേശവാസികളെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വിവിധ സാമുദായിക സംഘടനാ നേതാക്കളായ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം, മുളപ്പുറം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ഗിറ്റ്സണ്‍ പി. വര്‍ഗീസ്, മുളപ്പുറം സെന്റ് ജൂഡ് പള്ളി വികാരി ഫാ. ഫ്രാന്‍സീസ് മഠത്തിപ്പറമ്പില്‍, മുളപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. എല്‍ദോസ് ജോണ്‍ കടുകുംമാക്കല്, തൊമ്മന്‍കുത്ത് മുഹയുദീന് ജുമാമസ്ജിദ് ഇമാം അബ്ദുള്‍ സമദ് സഖാഫി, കരിമണ്ണൂര്‍ എസ്എന്‍ഡിപി യോഗം ബ്രാഞ്ച് സെക്രട്ടറി വിജയന് താഴാനി, തൊമ്മന്‍കുത്ത് കെപിഎംഎസ് പ്രസിഡന്റ് വിജയന് മൂന്നുമാക്കല്‍,
നാല്പ്പതേക്കര് ശാന്തികാട് ദേവീക്ഷേത്രം സെക്രട്ടറി അനില്‍കുമാര്‍, കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ മൂവാറ്റുപുഴ-തേനി ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഫാ. ജോസ് കിഴക്കേല്‍, എം.എം. ജോഷി, പി.ആര്. അനില്‍കുമാര്‍, ജാസില്‍ ഫിലിപ്പ്, റെജി കെ. പോള്‍, തങ്കച്ചന് പുത്തന്‍പുരയ്ക്കല്‍ എന്നിര്‍ പങ്കെടുത്തു