മുതലക്കോടം: നൂറുകണക്കിന് കുടുംബങ്ങളുടെ എട്ടുവര്‍ഷത്തെ ദുരിതയാത്രയ്ക്ക് താത്കാലിക പരിഹാരമായി. തകര്‍ന്നുകിടന്ന മുതലക്കോടം - മഠത്തിക്കണ്ടം റോഡ് കഴിഞ്ഞ ദിവസം നവീകരിച്ചു. മുന്‍ കരാറുകാരനും നഗരസഭയും തമ്മില്‍ ഹൈക്കോടതിയില്‍ നിലനിന്ന കേസിനെത്തുടര്‍ന്നാണ് വര്‍ഷങ്ങളായി റോഡ് നിര്‍മാണം മുടങ്ങാന്‍ കാരണം. റോഡിലൂടെ ദുരിതയാത്ര ചെയ്ത് മടുത്തതോടെ റെഡിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോസ് മേക്കുന്നേല്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയെ സമീപിച്ചു.
പ്രശ്നത്തില്‍ അഥോറിറ്റി ഇടപെട്ടതോടെ നഗരസഭാ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് തീര്‍പ്പാക്കാന്‍ അടിയന്തര നടപടി ആരംഭിച്ചു. റോഡ് നിര്‍മിക്കാനാവശ്യമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ ജോര്‍ജ് ജോണിന്റെ നേതൃത്വത്തില്‍ പി.ജെ. ജോസഫ് എംഎല്‍എയെ സമീപിച്ച് നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് 27 ലക്ഷം രൂപ അനുവദിച്ചു. റോഡില്‍ കലുങ്ക് നിര്‍മിക്കുന്നതിനും ടൈല്‍ വിരിക്കുന്നതിനുമായി നഗരസഭ 18 ലക്ഷം രൂപകൂടി അനുവദിച്ചു.
എന്നാല്‍ നിര്‍മാണം തുടങ്ങിയപ്പോഴേയ്ക്കും തദ്ദേശ തെരഞ്ഞെടുപ്പ് വന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ശ്രീജ രാജേഷ് മുന്‍ കൈയെടുത്തതോടെ വീണ്ടും നിര്‍മാണം ആരംഭിക്കാനുള്ള വഴിതെളിഞ്ഞു. കഴിഞ്ഞ ദിവസം തുടങ്ങിയ നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലാണ്.
ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ഏറെ ഗതാഗതത്തിരക്കുള്ള റോഡിന്റെ നവീകരണമാണ് എട്ടു വര്‍ഷമായി കരാറുകാരനും നഗരസഭാ ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കത്തിന്റെ പേരില്‍ മുടങ്ങിയത്.
Tags : Muthalakodam-Maththikandam road nattuvishesham local news