കുറവിലങ്ങാട്: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ കീഴിലുള്ള കനാലുകൾ വീണ്ടും തുറന്ന് ജലവിതരണം ആരംഭിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ഞീഴൂർ പഞ്ചായത്തിലെ വാക്കാട്-ചേരുന്നടം ഡിസ്ട്രിബ്യൂട്ടറിയിലാണ് ആദ്യം കനാൽ തുറന്നിട്ടുള്ളത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട വിവിധ കനാലുകളിൽ ഇന്നുമുതൽ ജലവിതരണം ക്രമീകരിച്ചു നടത്തുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ പ്രാവശ്യം വെള്ളം ഒഴുകിയെത്താതിരുന്ന പ്രദേശങ്ങൾക്ക് ഇത്തവണ മുൻഗണന നൽകും. കുറവിലങ്ങാട്ടുനിന്നു വെമ്പള്ളി, വയലാ, കടപ്ലാമറ്റം-കടപ്പൂര് ഡിസ്ട്രിബ്യൂട്ടറികളിലും കുറുപ്പന്തറ-കോതനല്ലൂർ-വേദഗിരി-കുറുമുള്ളൂർ ഡിസ്ട്രിബ്യൂട്ടറികളിലുമുള്ള കനാലുകളിലൂടെ ഇപ്രാവശ്യം ജലവിതരണം നടത്തുന്നതിന് മുൻഗണന നൽകിയിട്ടുണ്ട്.
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ കനാലുകളുടെ അറ്റകുറ്റപ്പണികൾക്കും അടിയന്തര നവീകരണ പ്രവർത്തനങ്ങൾക്കുമായി 2025-26 എംവിഐപി ആക്ഷൻ പ്ലാനിലുൾപ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ശോച്യാവസ്ഥയിലായ വിവിധ കനാലുകൾ ശുദ്ധീകരിക്കുന്നതിനും കനാലുകളിൽ വളർന്നുനിൽക്കുന്ന കാടും പള്ളയും വെട്ടിത്തെളിക്കുന്നതിനും കനാലുകൾക്ക് തകർച്ചയുണ്ടായ സ്ഥലങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വേണ്ടിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന് കീഴിൽ പ്രവൃത്തി ടെൻഡർ ചെയ്തിട്ടുണ്ട്. 19ന് ടെൻഡർ ഓപ്പൺ ചെയ്ത് നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
Tags : nattu vishesham MVIP canal reopens