നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന പുലിക്കാട് നീരുറവ അടിസ്ഥാനമാക്കിയുള്ള നീർത്തട വികസന പദ്ധതി ഉദ്ഘാടനം ന
മാനന്തവാടി: നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന പുലിക്കാട് നീരുറവ അടിസ്ഥാനമാക്കിയുള്ള നീർത്തട വികസന പദ്ധതിക്ക് തുടക്കമായി.
പുലിക്കാട് നീർത്തട പ്രദേശത്ത് നടന്ന ഉദ്ഘാടനം നബാർഡ് തിരുവനന്തപുരം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജർ വി. കിരണ്‍ നിർവഹിച്ചു. എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. നബാർഡ് ജില്ലാ മാനേജർ ആർ. ആനന്ദ് പദ്ധതി വിശദീകരണം നടത്തി.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗങ്ങളായ ഷിൽസണ്‍ മാത്യു, എം.പി. വത്സൻ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ഗ്രാമ നീർത്തട സമിതി പ്രസിഡന്റ് വർഗീസ് കിഴക്കേപറന്പിൽ, സെക്രട്ടറി സിനോജ് ജോസ് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ രണ്ടാമത്തെ ജിയോ സ്പെഷൽ അധിഷ്ഠിത പദ്ധതിയാണിത്. പുലിക്കാട് നീർത്തട പ്രദേശത്തിലെ 268 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നത്.
92.22 ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് മൂന്നുവർഷങ്ങളിലായി നടപ്പാക്കുക. ഇതിൽ 75 ലക്ഷം രൂപ നബാർഡ് ഗ്രാന്റ് ആയും 17.22 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും ആണ്. നീരുറവകളിലെ ജല ലഭ്യത കൂട്ടുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം.
ഇതിനായി ശാസ്ത്രീയ മണ്ണ്, ജല സംരക്ഷണ പ്രവൃത്തികൾ നടപ്പാക്കും. ജലസംരക്ഷണത്തിനുള്ള വിവിധ സാങ്കേതിക ജൈവിക മുറകൾ, വനിതാ വികസനം, മനുഷ്യ വിഭവശേഷി വികസനം എന്നീ ഇനങ്ങളിലാണ് പദ്ധതി ഫണ്ട് വിനിയോഗിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾക്ക് ഗ്രാമ നീർത്തട സമിതി മേൽനോട്ടം വഹിക്കും.
Tags : NABARD Local News Wayanad Nattuvishesham