മലപ്പുറം കടലുണ്ടി പുഴയിലെ നാമ്പ്രാണി തടയണയുടെ പദ്ധതി പ്രദേശം നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു.
മലപ്പുറം: മലപ്പുറത്തിന്റെ ദാഹം തീർക്കാനുള്ള നാന്പ്രാണി തടയണ മേയ് ആദ്യവാരം കമ്മീഷൻ ചെയ്യും. കടലുണ്ടിപ്പുഴയ്ക്ക് കുറുകേ തടയണയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. വേനൽമഴ ചതിച്ചില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ അറിയിച്ചു.
നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതി പ്രവർത്തനം അവലോകനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിൽ 21.90 കോടി രൂപയാണ് നാന്പ്രാണി തടയണയ്ക്ക് അനുവദിച്ചത്.
എന്നാൽ നഗരസഞ്ചയ പദ്ധതിയിൽ2024-25 വർഷത്തിൽ ഫണ്ട് ലഭ്യമായിട്ടില്ല. അതിനാൽ നിർമാണം പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാൻ ആവശ്യമായ ബാക്കിവരുന്ന 5.5 കോടി രൂപ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് അനുവദിക്കാനാണ് തീരുമാനം.
യോഗത്തിൽ ഡപ്യൂട്ടി ചെയർപേഴ്സണ്‍ ജിതേഷ് ജി. അനിൽ, സ്ഥിരം സമിതി ചെയർപേഴ്സണ്‍മാരായ ഹാരിസ് ആമിയൻ, പരി അബ്ദുൾ മജീദ്, ആബിദ എട്ടുവീട്ടിൽ, കൗണ്‍സിലർ കെ.കെ. ഉമ്മർ, ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ഷെബീബ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗണ്‍സിലർമാരുടെ സംഘം നാന്പ്രാണി തടയണപ്രദേശം സന്ദർശിച്ചിരുന്നു.
Tags : Local News Nattuvishesham Malappuram